കൊച്ചി: എറണാകുളം സെന്റ് തെരേസാസ് കോളേജ് ഏർപ്പെടുത്തിയ ദൈവദാസി മദർ തെരേസ ലിമ പുരസ്കാരത്തിന് സാമൂഹ്യപ്രവർത്തക ദയാഭായി അർഹയായി. ഇരുപത്തയ്യായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം നാളെ (ബുധൻ) രാവിലെ 10.30 ന് കോളേജിൽ നടക്കുന്ന ചടങ്ങിൽ കെ. ജയകുമാർ സമ്മാനിക്കും. സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ ദയാഭായിയുടെ സംഭാവന വിലയിരുത്തിയാണ് പുരസ്കാരം നൽകുന്നതെന്ന് കോളേജ് ഡയറക്ടർ സിസ്റ്റർ വിനീത, പ്രിൻസിപ്പൽ ഡോ. സജിമോൾ അഗസ്റ്റിൻ, ഡോ. സി. സുചിത്ര എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.