കൊച്ചി: മരടിൽ തകർത്ത അഞ്ചുഫ്ളാറ്റുകളുടെ മാലിന്യങ്ങൾ നീക്കുന്നത് ഇന്നോ നാളെയോ ആരംഭിക്കും. കോൺക്രീറ്റ് മാലിന്യങ്ങൾ വിവിധ സ്ഥലങ്ങളിലെ ഗോഡൗണുകളിലേയ്ക്ക് നീക്കാൻ ക്രമീകരണങ്ങൾ പൂർത്തിയായി. മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശങ്ങൾ പാലിച്ചായിരിക്കും നടപടി.

മാലിന്യനീക്കം ഇന്നലെ ആരംഭിക്കാനാണ് നിശ്ചയിച്ചിരുന്നത്. കോൺക്രീറ്റിൽ നിന്ന് കമ്പി വേർതിരിക്കുന്ന പ്രവൃത്തികൾ പൂർത്തിയാകാത്തതിനാൽ ആരംഭിക്കാൻ കഴിഞ്ഞില്ലെന്ന് കരാറുകാരായ പ്രോംപ്റ്റ് എന്റർപ്രൈസ് അധികൃതർ പറഞ്ഞു. കമ്പികൾ നീക്കിയഭാഗം വിട്ടുകിട്ടിയാലുടൻ മാലിന്യങ്ങൾ നീക്കും. അമ്പതോളം ടോറസ് ലോറികൾ, ജെ.സി.ബികൾ തുടങ്ങിയ സൗകര്യങ്ങളും തൊഴിലാളികളെയും ക്രമീകരിച്ചുകഴിഞ്ഞു. ടോറസിൽ കയറ്റുന്ന മാലിന്യത്തിൽ നിന്ന് പൊടി പറക്കാതിരിക്കാൻ വെള്ളമൊഴിച്ച് നനയ്ക്കും. മുകളിൽ പ്ളാസ്റ്റിക് പടുതയിട്ട് മറയ്ക്കും. പരിസരവാസികൾക്കോ വാഹനങ്ങളിലെ യാത്രക്കാർക്കോ വിഷമം സൃഷ്ടിക്കാത്ത വിധത്തിലായിരിക്കും ലോറികളിൽ കയറ്റിക്കൊണ്ടുപോകുക.

കുണ്ടന്നൂരിലെ ഹോളി ഫെയ്‌ത്ത് ഫ്ളാന്റിന്റെ മാലിന്യങ്ങളാകും ആദ്യം നീക്കുക. ആലുവ മാളിയംപീടിക, ചേർത്തല പാണാവള്ളി എന്നിവിടങ്ങളിലുൾപ്പെടെ ഗോഡൗണുകൾ ഒരുക്കിയിട്ടുണ്ട്. കോൺക്രീറ്റ് മാലിന്യങ്ങൾ പൊടിച്ച് ഇഷ്ടികയുണ്ടാക്കാൻ ഉപയോഗിക്കും. ഫ്ളാറ്റുകൾ പൊളിച്ച ദിവസം മുതൽ 70 ദിവസത്തിനകം മാലിന്യങ്ങൾ നീക്കണമെന്നാണ് കരാർ വ്യവസ്ഥ. മുഴുവൻ മാലിന്യങ്ങളും അതിനകം നീക്കുമെന്ന് കരാറുകാർ പറഞ്ഞു.