നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 1.75 കിലോഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ്, കസ്റ്റംസ് പ്രിവന്റീവ് ഇന്റലിജൻസ് വിഭാഗങ്ങൾ ചേർന്ന് പിടികൂടി. ഇന്ത്യൻ മാർക്കറ്റിൽ ഏകദേശം 58 ലക്ഷം രൂപ വില വരും.

ഇന്നലെ പുലർച്ചെ കോലാലംപൂരിൽ നിന്നെത്തിയ എയർ ഏഷ്യ വിമാനത്തിലെ കോഴിക്കോട് സ്വദേശിനിയായ യാത്രക്കാരിയുടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചിരുന്ന 750 ഗ്രാം സ്വർണമിശ്രിതവും ഇതേ വിമാനത്തിലെത്തിയ കൊച്ചി സ്വദേശിനിയായ യാത്രക്കാരിയിൽ നിന്നും 250 ഗ്രം സ്വർണവും പിടികൂടി. രണ്ടാമത്തെയാൾ വളകളായിട്ടാണ് സ്വർണം കടത്തുവാൻ ശ്രമിച്ചത്. കൈയിലും കാലിലും സ്വർണവളകൾ ധരിച്ച ശേഷം അതിന്റെ മുകളിൽ വസ്ത്രം ഇട്ടിരിക്കുകയായിരുന്നു. ദുബായിൽ നിന്ന് എമിറേറ്റ്‌സ് വിമാനത്തിൽ എത്തിയ തൃശൂർ സ്വദേശിയായ യാത്രക്കാരനിൽ നിന്നും 750 ഗ്രാം സ്വർണം പിടികൂടി. ചെറിയ സ്വർണ ബിസ്‌ക്കറ്റുകളാക്കി പാന്റ്‌സിന്റെ അകത്ത് പ്രത്യക അറയുണ്ടാക്കിയാണ് ഒളിപ്പിച്ചിരുന്നത്.