# 20 ലക്ഷം രൂപ ചെലവഴിക്കും
ആലുവ: പെരിയാറിന്റെ തീരത്ത് വർഷങ്ങൾക്ക് മുമ്പ് ജി.സി.ഡി.എ നിർമ്മിച്ച് നഗരസഭയ്ക്ക് കൈമാറിയിട്ടും സംരക്ഷിക്കാൻ ആളില്ലാതെ നാശത്തിന്റെ വക്കിലായ ആലുവ കടത്തുകടവ് സാംസ്‌കാരിക കേന്ദ്രത്തെ 20 ലക്ഷം രൂപ ചെലവഴിച്ച് സുന്ദരിയാക്കും. നഗരസഭ അനുവദിച്ച പത്ത് ലക്ഷം രൂപയ്ക്ക് പുറമെ 10 ലക്ഷത്തോളം രൂപ കടത്തുകടവ് റസിഡന്റ്‌സ് അസോസിയേഷൻ സ്വരൂപിച്ചാണ് സാംസ്‌കാരിക നിലയം മനോഹരമാക്കുന്നത്.
എം.എൽ.എ ഫണ്ട് ഉപയോഗപ്പെടുത്തി ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കും. സ്ഥലം മിനി പാർക്കായി വികസിപ്പിക്കുന്നതിനുള്ള രൂപരേഖയാണ് തയ്യാറാക്കിയിട്ടുള്ളത്.
# തകർത്തത് മഹാപ്രളയം
2008 മഹാപ്രളയമാണ് സാംസ്‌കാരിക കേന്ദ്രത്തെ കൂടുതൽ നാശത്തിലാക്കിയത്. സംരക്ഷിക്കാൻ ആളില്ലാതായതും വിനയായി. സന്ധ്യമയങ്ങിയാൽ സാമൂഹ്യവിരുദ്ധർ ഇവിടെ പിടിമുറക്കിയതോടെയാണ് റസിഡന്റ്‌സ് അസോസിയേഷൻ രംഗത്തെത്തിയത്. നവീകരണ പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനവും വേറിട്ട നിലയിലായിരുന്നു. സ്ഥലത്ത് ഔഷധത്തൈ നട്ട് അൻവർ സാദത്ത് എം.എൽ.എയാണ് നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. ഡോ. കെ. അനിൽകുമാർ എം.എൽ.എക്ക് ഔഷധത്തൈ കൈമാറി. മുനിസിപ്പൽ ചെയർപേഴ്‌സൺ ലിസി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു.
വൈസ് ചെയർപേഴ്‌സൺ സി. ഓമന അലങ്കാരസസ്യം ഏറ്റുവാങ്ങി. വാർഡ് കൗൺസിലർ എം.ടി. ജേക്കബ് നവീകരിക്കുന്നത്തിന്റെ രൂപരേഖ പ്രകാശിപ്പിച്ചു. റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ.പി. രാജീവൻ, സി.ബി. നായർ, എസ്. ശരണ്യ, എം.എൻ. വിനിൽകുമാർ, കെ. സലീം, പി.എൻ. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.