പെരുമ്പാവൂർ: പാണംകുഴി ജനവാസ മേഖലയെ കാട്ടാനകൂട്ടം വിട്ടൊഴുയുന്നില്ല. കഴിഞ്ഞ കുറേ ദിവസങ്ങളായി രാത്രിയിൽ നിരന്തരം കാട്ടാനകൂട്ടം പാണംകുഴി ജനവാസ മേഖലയിൽ കയറി വ്യാപകമായി കൃഷി നശിപ്പിക്കുന്നു. അപകടകാരിയായ ഒറ്റയാൻ കൂടി എത്തിയതോടെ ജനം ആകെ ഭീതിയിലാണ്. മറ്റമന അനിൽ വർഗീസിന്റെ പുഴയോരത്തുള്ള 5 അടി ഉയരമുള്ള കരിങ്കൽ സംരക്ഷണഭിത്തിയും അതിനു മുകളിലെ അഞ്ചടി പൊക്കമുള്ള മൺതിട്ടയും മറികടന്നാണ് ആനക്കൂട്ടം വാഴകൾ നശിപ്പിച്ചത്. തുടർന്ന് കോടനാട് അഭയാരണ്യത്തിന്റെ കിഴക്കേ കവാടവും പാണംകുഴി ഇക്കോ ടൂറിസം സെന്ററിന്റെ ഭാഗവുമായ പ്രദേശത്തെ പന ഒടിച്ച് തിന്നുകയും ചെയ്തു. ആനക്കൂട്ടത്തെ മടക്കിവിടാൻ നാട്ടുകാരുടേയും,വനം വകുപ്പ് അധികൃതരുടേയും ശ്രമം തന്നെ വേണ്ടിവന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും, നാട്ടുകാരും പന്തം കത്തിച്ചും പാട്ട കൊട്ടിയുമാണ് ആനകളെ തുരത്തിയോടിച്ചത്.
ഇതിനിടെ ഈ വഴിച്ചാലിലൂടെ കഴിഞ്ഞ രണ്ട് ദിവസവും ഒറ്റയാൻ എത്തിയിരുന്നു. പാണംകുഴി ,നെടുമ്പാറ ,കപ്രിയക്കാട് ,ഏമ്പക്കാട് ,വടക്കാംപിള്ളി കോടനാട് നിവാസികൾക്ക് ഭീഷണിയാണിത്. വേനൽ കടുത്തതോടെ വനത്തിനകത്തെ ജലദൗർലഭ്യവും തീറ്റയുടെ കുറവുമാകാം പെരിയാറിലേയ്ക്കും കൃഷിയിടങ്ങളിലേയ്ക്കും ആനയിറങ്ങാൻ കാരണം.പ്രളയത്തിൽ തകർന്നടിഞ്ഞ കൃഷിയിടങ്ങളിൽ നഷ്ടം സഹിച്ചും വീണ്ടും കൃഷിയിറക്കി വരുമ്പോഴാണ് ഇവ ആന നശിപ്പിക്കുന്നത് .
കാട്ടാനശല്യം തടയണം
കാട്ടാന ശല്യം തടയാൻ ഈ പ്രദേശത്ത് സ്ഥിരമായി കുങ്കിയാനകളുടെ സേവനം ഉറപ്പ് വരുത്തുകയും സൗരോർജ്ജ വേലി സ്ഥാപിക്കുകയും വേണം. പ്രദേശത്തെ ജനങ്ങളുടെ ജീവനു സംരക്ഷണം നൽകാൻ വേണ്ട സത്വര നടപടി വനം വകുപ്പ് സ്വീകരിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എം പി പ്രകാശ് ,അംഗം സരള കൃഷ്ണൻകുട്ടി ഗ്രാമപഞ്ചായത്തംഗം ആന്റോ പോൾ ,വന സംരക്ഷണ സമിതി പ്രസിഡന്റ് ജോസഫ് പാലയക്കാപ്പിള്ളി എന്നിവർ ആവശ്യപ്പെട്ടു.
ഉടൻ നടപടിയെടുക്കും
പാണംകുഴിയിലെ കാട്ടാന ശല്യം തടയാൻ 5 കി.മി. നീളം സൗരോർജ്ജ വേലി ഉടൻ നിർമ്മിക്കും. ഇതിനായി വനം വകുപ്പ് 9 ലക്ഷം രൂപ അനുവദിച്ച് വർക്ക് ടെൻഡർ ചെയ്തു.ഉടൻ പണികൾ തീർക്കും.
അഡ്വ. എൽദോസ് കുന്നപ്പിള്ളി, എം. എൽ. എ .