കൊച്ചി: നടിയെ ആക്രമിച്ച് അശ്ളീലദൃശ്യങ്ങൾ പകർത്തിയ കേസിൽ തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് എട്ടാം പ്രതി നടൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ഇൗ ആവശ്യം ഉന്നയിച്ച് ദിലീപ് നൽകിയ ഹർജി തള്ളിയ എറണാകുളം സി.ബി.ഐ കോടതി വിചാരണ ജനുവരി 30 ന് തുടങ്ങാനിരിക്കെയാണ് കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
ഈ കേസിൽ പൾസർ സുനിയടക്കമുള്ള പ്രതികൾ അറസ്റ്റിലായശേഷം പൊലീസ് നടത്തിയ കൂടുതൽ അന്വേഷണത്തിലാണ് ദിലീപ് അറസ്റ്റിലായത്. ഇതിനിടെ ജയിലിൽ നിന്ന് പൾസർ സുനിയും ഒമ്പതാംപ്രതി സനിൽകുമാർ എന്ന മേസ്തിരി സനിലും പത്താം പ്രതി വിഷ്ണുവും ഗൂഢാലോചന നടത്തി പണത്തിനുവേണ്ടി തന്നെ ഫോണിൽവിളിച്ചു ഭീഷണിപ്പെടുത്തിയെന്ന ദിലീപിന്റെ പരാതിയിൽ പൊലീസ് മറ്റൊരു കേസെടുത്തിരുന്നു. താൻ ഇരയായ ഈ കേസിന്റെ വിചാരണയും പ്രതിയായ നടിയെ ആക്രമിച്ച കേസിന്റെ വിചാരണയും ഒരുമിച്ചു നടത്താനാണ് കോടതി തീരുമാനിച്ചിട്ടുള്ളതെന്നും നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നതിനൊപ്പം തന്റെ കേസിൽ പൾസർ സുനിക്കും സനിലിനും വിഷ്ണുവിനുമെതിരെ കോടതി കുറ്റം ചുമത്തിയെന്നും ദിലീപിന്റെ ഹർജിയിൽ പറയുന്നു. താൻ ഇരയും പ്രതിയുമായ കേസുകളുടെ വിചാരണ ഒരുമിച്ചു നടത്തുന്നത് ക്രിമിനൽ നടപടി ചട്ടത്തിന്റെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു.