കൊച്ചി: കോന്തുരുത്തി പുഴയുടെ ഇരുവശങ്ങളിലും താമസിക്കുന്ന കുടുംബങ്ങൾ കുടിയൊഴിക്കൽ ഭീഷണിയിൽ. പുഴയുടെ വീതി 48 മീറ്റർ ആക്കണമെന്ന് ആവശ്യപ്പെട്ട് സമീപവാസി ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ഉത്തരവുകൾ നേടിയതോടെയാണ് താമസക്കാർ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നത്. ഇവിടുത്തെ സാധാരണക്കാരായ 178 കുടുംബങ്ങളെ ഒഴിപ്പിച്ചുകൊണ്ട് പുഴ പുനസ്ഥാപിക്കാൻ പറ്റുന്ന സ്ഥിതിയല്ല ഇപ്പോഴുള്ളതെന്ന് കോന്തുരുത്തി കോളനി ആക്ഷൻ സംയുക്ത സമിതി ഭാരവാഹികൾ പറഞ്ഞു.
നിയമപരമായി മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നതെന്നും സമര പരിപാടികൾ അടക്കം സംഘടിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും അറിയിച്ചു. സ്വത്തും സ്വാധീനവുമുള്ളവർ കോന്തുരുത്തിപുഴ വ്യാപകമായി കൈയേറിയിട്ടും ഒരു ചെറുവിരൽപോലും അനക്കാത്ത അധികാരികൾ സാധാരണക്കാരെ ദ്രോഹിക്കുന്നത് ദുഷ്ടലാക്കോടെയാണെന്ന് കൺവീനർ സിജു.പി.ബി കുറ്റപ്പെടുത്തി.
# അധികവും മത്സ്യത്തൊഴിലാളികൾ
50 വർഷമായി പുഴയുടെ തീരത്ത് താമസിക്കുന്നവർ അധികവും മത്സ്യത്തൊഴിലാളികൾ,കൂലിപ്പണിക്കാർ, വീട്ടുജോലിക്കാർ എന്നിവരാണ്. റേഷൻകാർഡ്, 1979 ൽ ജി.സി.ഡി.എ നൽകിയ തിരിച്ചറിയൽ കാർഡ്, ആധാർ തുടങ്ങിയ രേഖകൾ എല്ലാവരുടെയും കൈവശമുണ്ട്. എല്ലാ വീട്ടിലും കറന്റും വെള്ളവുമുണ്ട്. വീടുകളിലേക്ക് നടപ്പാതകളും വഴിവിളക്കും പൊതുപൈപ്പുകളുമുണ്ട്.
# ആദ്യം ഹരിത ട്രൈബ്യൂണലിൽ
2012 ലാണ് സമീപവാസി കെ.ജെ.ടോമി ആദ്യം ഹൈക്കോടതിയിൽ കേസ് നൽകിയത്. കോടതി ഇത് ഹരിത ട്രൈബ്യൂണലിന് കൈമാറി. ട്രൈബ്യൂണൽ തുടർനടപടികൾ സ്വീകരിക്കുകയും കേസ് നിലനിൽക്കില്ലായെന്ന് കണ്ട് കേസ് തീർപ്പാക്കുകയും ചെയ്തതാണെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു. ഇക്കാര്യം മറച്ചുവച്ച് 2016 ൽ ഇദ്ദേഹം വീണ്ടും കോടതിയെ സമീപിച്ചതോടെ താമസക്കാരുടെ ഉറക്കം നഷ്ടപ്പെട്ടു.
അതേസമയം പുഴയുടെ വീതി 16 മീറ്ററാക്കി നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള മാസ്റ്റർ പ്ളാൻ കൊച്ചി കോർപ്പറേഷൻ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. വീട് നഷ്ടപ്പെടുന്നവർക്ക് തങ്ങളുടെ ഇടയിൽ തന്നെ പുനരധിവസിപ്പിക്കാൻ സൗകര്യം ഒരുക്കുന്നതുൾപ്പെടെ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് ഭാരവാഹികൾ പറഞ്ഞു.
# പഴയ അനുഭവം മറക്കില്ലെന്ന്
പ്രദേശവാസികൾ
പത്തു വർഷം മുമ്പ് സമീപപ്രദേശത്തുനിന്ന് 33 കുടുംബങ്ങളെ പുഴ വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിച്ചിരുന്നു. ഉടൻ പുനരധിവസിപ്പിക്കാം എന്ന ഉറപ്പോടെ മാറ്റിയിട്ടും എട്ട് വർഷക്കാലം ദുരിതപൂർണമായ അന്തരീക്ഷത്തിൽ താമസിപ്പിച്ച ശേഷമാണ് ഇവരുടെ കാര്യത്തിൽ തീരുമാനമായതെന്ന് സംയുക്ത സമിതി കുറ്റപ്പെടുത്തി.