kklm
കൂത്താട്ടുകുളം ഗവ.യു.പി.സ്കൂളിൽ 860 കൈയെഴുത്തു മാസികൾ സാഹിത്യ പ്രവർത്തകയും റിട്ട. അദ്ധ്യാപികയുമായ കെ.കെ സരസമ്മ പ്രകാശനം ചെയ്യുന്നു

കൂത്താട്ടുകുളം: കുരുന്നുകളുടെ സാഹിത്യോത്സവമായി കൂത്താട്ടുകുളം ഗവ.യു.പി.സ്കൂളിൽ പ്രകാശനം ചെയ്തത് 860 കൈയെഴുത്ത് മാസികകൾ. അദ്ധ്യായന വർഷാരംഭം മുതൽ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസുവരെ നടന്ന പഠന പ്രവർത്തനങ്ങളിലൂടെ വിവിധ ഭാഷകളിൽ രൂപപ്പെട്ട രചനകൾ കോർത്തിണക്കിയാണ് ഓരോ കുട്ടിയും പുസ്തകങ്ങൾ തയ്യാറാക്കിയത്. വർണ ശലഭങ്ങൾ, പൂത്തുമ്പി ,പൂമ്പാറ്റ, കിളിമൊഴി, മയിൽപ്പീലി, ജാലകം, ഉത്സവം, കൊടിയേറ്റം, ഞാനും എന്റെഴുത്തും എന്നിങ്ങനെ വിദ്യാലയത്തിലെ 860 കുട്ടികൾ കൈയെഴുത്ത് പുസ്തകങ്ങളുടെ പുറംചട്ടകളിൽ വർണങ്ങൾ ചാലിച്ച് എഴുതിച്ചേർത്ത പേരുകൾ പോലെ വ്യത്യസ്തമായി. കഥകൾ, കവിതകൾ ,ലേഖനങ്ങൾ, യാത്രവിവരണം, ഉപന്യാസം, കണ്ടെത്തലുകൾ, വിവരണം, തുടങ്ങി വിവിധ സാഹിത്യരചനകൾ, സ്വയം എഴുതിയ ആമുഖം, സുഹൃത്തിന്റെ അവതാരിക രക്ഷിതാവിന്റെ ആശംസകൾ തുടങ്ങിയവയോടെയാണ് പുസ്തകമായിത്തീരുന്നത്.

സാഹിത്യ പ്രവർത്തകയും റിട്ട. അദ്ധ്യാപികയുമായ കെ.കെ സരസമ്മ, നഗരസഭ ചെയർമാൻ റോയി എബ്രഹാമിന് നൽകി പുസ്തകങ്ങൾ പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് അദ്ധ്യക്ഷനായി. കൗൺസിലർ പി.സി.ജോസ്, എ.ഇ.ഒ ജോർജ് തോമസ്, ഹെഡ്മിസ്ട്രസ് ആർ വത്സല ദേവി ,കെ.വി.ബാലചന്ദ്രൻ ,സി.പി.രാജശേഖരൻ, ട്രെയ്നർ എൻ.ജയശ്രി, ഹണി റെജി, ജെസി ജോൺ തുടങ്ങിയവർ സംസാരിച്ചു.