കൊച്ചി : ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിന്റെ അനുബന്ധഭൂമിയിലെ സത്രം ബിൽഡിംഗ് പൊളിക്കുന്നത് ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. സത്രം നിൽക്കുന്ന ഭൂമി സർക്കാർ പുറമ്പോക്കാണോ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റേതാണോയെന്ന് തർക്കമുണ്ടെന്ന് അഭിഭാഷക കമ്മിഷൻ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതനുസരിച്ച് വിശദീകരണം തേടി നോട്ടീസ് ലഭിച്ചിട്ടും കളക്ടർ ഉൾപ്പെടെയുള്ളവർക്ക് എങ്ങനെയാണ് കെട്ടിടം പൊളിക്കലുമായി മുന്നോട്ടുപോകാനാവുകയെന്ന് ദേവസ്വം ബെഞ്ച് ചോദിച്ചു.

ഭൂമിയിൽ തർക്കമുണ്ടെന്ന കമ്മിഷന്റെ റിപ്പോർട്ടിനെത്തുടർന്ന് കോടതി കോട്ടയം ജില്ലാ കളക്ടർ, തഹസിൽദാർ, ഏറ്റുമാനൂർ വില്ലേജ് ഒാഫീസർ എന്നിവരടക്കമുള്ളവർക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിനു മറുപടി നൽകിയിട്ടില്ല. ഇതിനിടെയാണ് കെട്ടിടം പൊളിച്ചു ബാലറ്റ് പെട്ടികൾ സൂക്ഷിക്കാനുള്ള ഡിപ്പോ നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇക്കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും ഡിവിഷൻബെഞ്ച് അഭിപ്രായപ്പെട്ടു. തർക്കഭൂമിയിലെ കെട്ടിടം പൊളിക്കാൻ തഹസിൽദാറും പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയറും നൽകിയ കത്തുകൾ പരിഗണിച്ച ഹൈക്കോടതി ഇവയിലെ തുടർ നടപടിയെന്ന നിലയിലാണ് കെട്ടിടം പൊളിച്ചുപണിയുന്നത് സ്റ്റേ ചെയ്തത്.

രാജഭരണകാലത്ത് മഹാരാജാവ് താമസിക്കാനുപയോഗിച്ചിരുന്ന കെട്ടിടം പിന്നീട് ഭജനമഠമാക്കി മാറ്റിയിരുന്നെന്നും ഭൂമി ദേവസ്വം ബോർഡിന്റെയാണോ സർക്കാരിന്റെയാണോ എന്നതു പരിശോധിക്കേണ്ടതാണെന്നും അഭിഭാഷക കമ്മിഷൻ റിപ്പോർട്ട് നൽകിയിരുന്നു.