subin-19

മൂവാറ്റുപുഴ: പണ്ടപ്പിള്ളി കനാൽക്കടവിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥി മുങ്ങിമരിച്ചു. തോക്കുപാറ പുന്നംമൂട്ടിൽ സുധാകരന്റെ മകൻ സുബിൻ (അബിൻ - 19) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. മൂവാറ്റുപുഴ നിർമ്മല കോളജിലെ സുവോളജി രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിയാണ്.

സുഹൃത്തുകളോടൊപ്പം കനാലിൽ കുളിക്കാനിറങ്ങിയ സുബിനും മറ്റൊരു സുഹൃത്തും ഒഴുക്കിൽ പെടുകയായിരുന്നു. സുഹൃത്തിനെ നാട്ടുകാർ രക്ഷപെടുത്തിയെങ്കിലും സുബിൻ കനാലിലെ ടണലിനുള്ളിൽ അകപ്പെടുകയായിരുന്നു. തുടർന്ന് മൂവാറ്റുപുഴയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സുബിനെ പുറത്തെടുത്ത് ഉടൻ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തോക്കുപാറ സ്വദേശിയായ സുബിൻ മാതാപിതാക്കളോടും സഹോദരിയോടുമൊപ്പം വർഷങ്ങളായി ഈസ്റ്റ് മാറാടിയിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം സംസ്‌കരിച്ചു. മാതാവ്: മാലതി. സഹോദരി: സുരമ്യ.