കുമ്പളം: കവിതിലകൻ പണ്ഡിറ്റ് കറുപ്പന്റെ പൂർണ്ണകായപ്രതിമയെ കല്ലെറിഞ്ഞ് തകർക്കാൻ സാമൂഹ്യവിരുദ്ധർ ശ്രമം നടത്തിയതിനെതിരെ കുമ്പളത്ത് പ്രതിഷേധിച്ചു. കുമ്പളം സൻമാർഗ പ്രദീപസഭ ഓഫീസിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള പ്രതിമയുടെ നേരെയാണ് സമൂഹിക വിരുദ്ധരുടെ പരാക്രമം ഉണ്ടായത്. റിപ്പബ്ലിക് ദിനത്തിൽ രാവിലെ ദേശീയ പതാക ഉയർത്തുവാൻ സഭാഭാരവാഹികൾ വന്നപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതെന്ന് സെക്രട്ടറി വി.എസ്.ഉണ്ണിക്യഷ്ണൻ പറഞ്ഞു. പനങ്ങാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പ്രതിഷേധിച്ച് സൻമാർഗ്ഗപ്രദീപ സഭയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധ മാർച്ചും യോഗവും നടത്തി. പ്രതിഷേധ മാർച്ചിന് എം.പി.പ്രവീൺ കുമാർ,സലിൽ കുമാർ,സി.പി.രതീഷ്,പി.എസ്.വിപിൻ, എന്നിവർ നേതൃത്വം നൽകി. സഭാപരിസരത്ത് ചേർന്ന പ്രതിഷേധയോഗം സൻമാർഗ്ഗ പ്രദീപസഭ പ്രസിഡന്റ് വി.വി.ദിനേശൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.എസ്.ഉണ്ണികൃഷ്ണൻ, മുരളി മാസ്റ്റർ,എന്നിവർ സംസാരിച്ചു.