thod
തെളി നീരായി ഒഴുകിയിരുന്ന തോട് മാലിന്യം നിറഞ്ഞപ്പോൾ

കോലഞ്ചേരി: തിരുവാണിയൂർ വലിയ തോടിനെ മാലിന്യ തോടാക്കി മാറ്റിയ നാല് സ്ഥാപനങ്ങൾക്കെതിരെ ആരോഗ്യ വകുപ്പ് അധികൃതർ നടപടിയെടുത്തു. കൊച്ചങ്ങാടിയിലെ 'ബനാനാ ലീഫ് ' കാ​റ്ററിംഗ് കേന്ദ്രത്തിൽ നിന്നും അടുക്കള മാലിന്യം കുഴൽവഴി നിരന്തരം തോട്ടിലേയ്ക്ക് ഒഴുക്കിയതിനെ തുടർന്ന് തോടിനു സമീപത്തു താമസിക്കുന്നവർക്ക് ദുർഗന്ധം മൂലം ഭക്ഷണം കഴിക്കാൻപോലും കഴിയാത്ത സ്ഥിതിയാണ്. ഇവിടെ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ, പ്രതിദിനം 2000 ലി​റ്റർ മലിനജലം പുറന്തള്ളുന്ന സ്ഥാപനത്തിൽ തികച്ചും അപര്യാപ്തമായ മലിനജലസംഭരണിയാണ് സ്ഥാപിച്ചിരുന്നത് എന്ന് കണ്ടെത്തി. നിലവിലെ മാലിന്യ സംഭരണി മാ​റ്റി കേന്ദ്രത്തിൽ ശാസ്ത്രീയമായ മാലിന്യസംസ്‌കരണസംവിധാനം സ്ഥാപിക്കാൻ ഉടമയക്ക് നോട്ടീസ് നൽകി. തോട്ടിലേക്ക് മാലിന്യമൊഴുക്കിയിരുന്ന കുഴൽ ഉദ്യോഗസ്ഥർ വിച്ഛേദിച്ചു.

കൊച്ചങ്ങാടിയിൽത്തന്നെ ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരുന്ന മ​റ്റൊരു സ്ഥാപനത്തിൽ നിന്നും ശുചിമുറിയിലേതടക്കമുള്ള മലിനജലം തോടിനു സമീപം തുറസായ സ്ഥലത്തേയ്ക്ക് രഹസ്യക്കുഴൽ വഴി കടത്തിവിട്ടിരുന്നതും ഉദ്യോഗസ്ഥർ കണ്ടെത്തി. ഈ കുഴലുകൾ വിച്ഛേദിക്കുകയും കെട്ടിക്കിടന്ന മാലിന്യം ഉടമയെക്കൊണ്ട് മണ്ണിട്ടുമൂടിച്ച് പരിസരം സുരക്ഷിതമാക്കി.

ബേക്കറി ഉടമക്കെതിരെ നോട്ടീസ്

സ്ഥാപനത്തിലെ മാലിന്യസംഭരണിയിൽ നിന്നും ചീഞ്ഞഴുകിയ ഭക്ഷണമാലിന്യം പൊതുഓടയിലേക്കൊഴുകി കെട്ടിക്കിടന്ന്, അസഹ്യമായ ദുർഗന്ധവും ഈച്ച, കൊതുക് തുടങ്ങിയ രോഗകാരികളുടെ വളർച്ചയും മൂലം പരിസരത്തെ കച്ചവട സ്ഥാപനങ്ങൾക്ക് ശല്യമായതിനാലാണ് ഡി. ഡി. ബേക്കേഴ്‌സിനെതിരെ നടപടി ഉണ്ടായത്. പോരായ്മ പരിഹരിക്കുന്നതിന് 7 ദിവസം സമയമനുവദിച്ച് ബേക്കറി ഉടമയ്ക്ക് ഉദ്യോഗസ്ഥർ നോട്ടീസ് നൽകി.

ആഴ്ചകളായി ഫ്രീസർ ശുചീകരിക്കാത്തതിനും ഭക്ഷണവസ്തുക്കൾ രോഗാണുസംക്രമണ സാധ്യതയ്ക്ക് ഇടയാകുംവിധം കൈകാര്യം ചെയ്തതിനുമാണ് ടൗണിലെ 'ഡിലൈ​റ്റ്' ബേക്കറിക്ക് നോട്ടീസ് നൽകിയത്.

കർശന നടപടിയെടുക്കും

തുടർ പരിശോധനയിൽ നോട്ടീസിലെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നതായിക്കാണുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള കർശനനടപടികൾ ഉണ്ടാകും.

കെ.കെ.സജി,ഹെൽത്ത് ഇൻസ്‌പെക്ടർ

പരിശോധന കടുപ്പിച്ച് അധികൃതർ

മാസങ്ങൾക്ക് മുൻപ് ഈ തോട്ടിലേക്ക് മാലിന്യം നിക്ഷേപിച്ചിരുന്ന 18 പേർക്കെതിരെ നടപടി സ്വീകരിച്ചതുവഴി തോടിന്റെ ശുചിത്വനിലവാരം മെച്ചപ്പെട്ട നിലയിലാക്കാൻ കഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മുൻപ് പലതവണ താക്കീത് നൽകിയിട്ടും തെ​റ്റ് ആവർത്തിച്ച സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി അധികൃതർ രംഗത്തെത്തിയത്.

ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ.എൻ.വിനയകുമാർ, ​ടി.എസ്. അജനീഷ് എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.