കാലടി: മലയാറ്റൂർ റോഡ് വീതി കൂട്ടി ബി.എം.ബി.സി നിലവാരത്തിൽ വികസിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാതെ ഗ്രാമപഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ഉഴപ്പുകയാണെന്ന് മലയാറ്റൂർ റോഡ് വികസന ആക്ഷൻ കൗൺസിൽ ചെയർമാൻ ടി.ഡി. സ്റ്റീഫൻ ആരോപിച്ചു.
റോഡിന്റെ ദുരവസ്ഥയും അപകടമരണങ്ങളും ചൂണ്ടിക്കാട്ടി 2016ൽ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയിരുന്നു. തുടർന്ന് 2018ൽ ആദ്യം ഹൈക്കോടതി റോഡിന് വീതി കൂട്ടുന്നതിനുള്ള നടപടികൾ ആരംഭിക്കുവാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. എന്നാൽ തുടർ നടപടികൾ ഒന്നുതന്നെ ഉണ്ടായില്ല. ഇക്കാര്യം വീണ്ടും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് ആക്ഷൻ കൗൺസിൽ അംഗങ്ങൾ പറഞ്ഞു. റോഡിന്റെ പുറമ്പോക്ക് കൈയേറ്റക്കാരും പഞ്ചായത്തും മറ്റ് ഉദ്യോഗസ്ഥരും ഒത്തൊരിമിച്ച് കളിക്കുകയാണെന്നും കൗൺസിൽ അംഗങ്ങൾ കുറ്റപ്പെടുത്തി.