കൊച്ചി: 'ഭരണഘടനയെ സംരക്ഷിക്കുകയെന്ന" മുദ്രാവാക്യവുമായി രക്തസാക്ഷിത്വദിനമായ നാളെ യു.ഡി.എഫ് സംഘടിപ്പിക്കുന്ന മനുഷ്യഭൂപടത്തിന്റെ ഭാഗമായി വയനാട്ടിൽ രാഹുൽഗാന്ധി എം.പി ലോംഗ് മാർച്ച് നയിക്കും. കൽപ്പറ്റയിൽ നാലുകിലോമീറ്റർ നീളുന്ന മാർച്ചിലും പൊതുയോഗത്തിലും രാഹുൽ പങ്കെടുക്കുമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി അറിയിച്ചു. രാവിലെ 11നാണ് മാർച്ച്. ഉമ്മൻചാണ്ടി, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.

ജില്ലാതലങ്ങളിൽ വൈകിട്ട് നാലിന് മനുഷ്യഭൂപടം ഒരുക്കും. 4.30ന് നടക്കുന്ന പൊതുയോഗത്തിന് ശേഷം 5.05ന് പ്രവർത്തകർ ഭൂപടത്തിൽ അണിനിരക്കും. മഹാത്മാഗാന്ധി വെടിയേറ്റുമരിച്ച സമയമായ 5.17ന് ഭരണഘടനാ സംരക്ഷണപ്രതിജ്ഞ ചൊല്ലും.

തിരുവനന്തപുരത്ത് എ.കെ. ആന്റണി, കൊല്ലത്ത് വി.എം. സുധീരൻ, പത്തനംതിട്ടയിൽ ഷിബു ബേബിജോൺ, കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ, ആലപ്പുഴയിൽ എം.എം. ഹസൻ, ഇടുക്കിയിൽ പി.ജെ. ജോസഫ്, എറണാകുളത്ത് പി.പി. തങ്കച്ചൻ, തൃശൂരിൽ എം.കെ. മുനീർ, മലപ്പുറത്ത് ഹൈദരാലി ശിഹാബ് തങ്ങൾ, പാലക്കാട്ട് കെ. ശങ്കരനാരായണൻ, കോഴിക്കോട്ട് ഉമ്മൻചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും കണ്ണൂരിൽ രമേശ് ചെന്നിത്തല, കാസർകോട്ട് ടി.യു. ഖാദർ എന്നിവർ ഉദ്ഘാടനം നിർവഹിക്കും.

 എൽ.ഡി.എഫിനെ ക്ഷണിക്കില്ല

എൽ.ഡി.എഫിന്റെ മനുഷ്യമഹാശൃംഖലയിൽ ഏതെങ്കിലും യു.ഡി.എഫ് പ്രവർത്തകർ പങ്കെടുത്തതിന്റെ പേരിൽ വിവാദം ആവശ്യമില്ലെന്ന് ബെന്നി ബെഹനാൻ പറഞ്ഞു. പൗരത്വ ഭേദഗതിക്കെതിരായ സമരത്തെ രാഷ്ട്രീയനേട്ടമാക്കാൻ യു.ഡി.എഫിന് താത്പര്യമില്ല.

യു.ഡി.എഫ് നടത്തുന്ന സമരങ്ങളിലേക്ക് എൽ.ഡി.എഫിനെ ക്ഷണിക്കുന്നില്ല. പൗരത്വ ഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ടത് യു.ഡി.എഫാണ്. നിയമസഭയെ അവഹേളിച്ചതിനാലാണ് ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയത്തിന് യു.ഡി.എഫ് അനുമതി തേടിയതെന്നും അദ്ദേഹം പറഞ്ഞു.