വൈപ്പിൻ: ചെറായിപ്പൂരത്തിന് ശ്രീഗൗരീശ്വര ക്ഷേത്രത്തിൽ ഫെബ്രുവരി ഒന്നിന് രാവിലെ 11 ന് പ്രസാദഊട്ടോടെ തുടക്കം കുറിക്കും. രാത്രി 7.30നും 8നും മദ്ധ്യേ പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറും. 8ന് തൈപ്പൂയവും 9ന് ചെറായിപ്പൂരവും നടക്കും.ഇരുചേരുവാരങ്ങളിലായി 15 ഗജവീരൻമാർ അണിനിരക്കും.10 ന് പുലർച്ചെ ആറാട്ടോടും രാവിലെയുള്ള എഴുന്നള്ളിപ്പോടെയും പൂരം സമാപിക്കും.

കൊടിയേറ്റത്തിന് മുന്നോടിയായി വൈകിട്ട് 6ന് വലിയവീട്ടിൽകുന്ന് മൈതാനിയിൽ നിന്ന് കാവടിഘോഷയാത്ര ആരംഭിക്കും. വിശേഷാൽ പൂജകൾക്കുപുറമെ തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 8.30ന് ശ്രീബലി, രാത്രി ഏഴിന് തായമ്പക, 7.30ന് എഴുന്നള്ളിപ്പ് തുടങ്ങിയവ നടക്കും. 2ന് രാവിലെ 9 ന് സമ്പൂർണ ഭഗവത്ഗീതാ പാരായണം, വൈകിട്ട് 5ന് ഓട്ടൻതുളളൽ, 6.45 ന് സംഗീതാർച്ചന, 8 ന് മോഹkനിയാട്ടം, 9.30 ന് കഥകളി. 3ന് രാവിലെ 9ന് സ്‌കന്ദപുരാണവും ഗീതാപാരായണവും, വൈകിട്ട് 5.30ന് ശീതങ്കൻതുള്ളൽ, 7ന് നൃത്തസംഗീതാവിഷ്‌കാരം, രാത്രി 9.30ന് കഥകളി. 4ന് രാവിലെ 9ന് നാരായണീയ പാരായണം, വൈകിട്ട് 5.30ന് കുറത്തിയാട്ടം, രാത്രി 8.30ന് ഗാനമേള.

5ന് രാവിലെ 9ന് നാരായണീയവും സ്‌കന്ദപുരാണവും, വൈകിട്ട് 6ന് ഡബിൾ തായമ്പക, രാത്രി 8.30ന് ഗാനമേള.
6ന് രാവിലെ 9ന് ശ്രീനാരായണ ധർമ്മപഠന പരിഷത്ത്, വൈകിട്ട് 6ന് അഷ്ടപദിക്കച്ചേരി, രാത്രി 8ന് ഗാനമേള. 7ന് രാവിലെ 9 ന് ദേവീമാഹാത്മ്യപാരായണം, വൈകിട്ട് 5ന് സാംസ്‌കാരിക സമ്മേളനം, രാത്രി 7ന് ചാക്യാർകൂത്ത്, 8.30ന് പൊൻചിലമ്പ് - നാടൻപാട്ടും ദൃശ്യാവിഷ്‌കാരവും.

8ന് തൈപ്പൂയദിനത്തിൽ പുലർച്ചെ 5ന് നവകലശാഭിഷേകം, 6ന് സുബ്രഹ്മണ്യങ്കൽ തൈപ്പൂയാഭിഷേകം, 10ന് കാവടിഘോഷയാത്ര, 11ന് ശ്രീബലി, വൈകിട്ട് 4ന് കാഴ്ചശ്രീബലി, 7ന് ഭസ്മക്കാവടി ഘോഷയാത്ര, 8ന് സംഗീതക്കച്ചേരി, 12ന് പള്ളിവേട്ടയും എഴുന്നള്ളിപ്പും.
ചെറായിപ്പൂരം നടക്കുന്ന 9ന് രാവിലെ 8.15ന് ഭഗവാന്റെ തിടമ്പേറ്റൽ ചടങ്ങ്. 8.30ന് ശ്രീബലി, ഉച്ചയ്ക്കുശേഷം 2.30 മുതൽ രാത്രി 8.30വരെ ഇരു ചേരുവാരങ്ങളും ചേർന്നുള്ള പകൽപ്പൂരം, കുടമാറ്റം, കൂട്ടിയെഴുന്നള്ളിപ്പ് എന്നിവ നടക്കും. 9.30 ന് നാദസ്വരക്കച്ചേരി. തെക്ക് ,വടക്ക് ചേരുവാരങ്ങളും വിജ്ഞാനവർദ്ധിനി സഭയും സംയുക്തമായാണ്

പൂരം നടത്തുന്നത്.
പുതുതായി നിർമ്മിച്ച ഭദ്രകാളി പീഠപ്രതിഷ്ഠ 30ന് രാവിലെ 8.45 നും 9.30 നും മദ്ധ്യേ പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. രാത്രി അത്താഴപ്പൂജക്ക് ശേഷം വലിയഗുരുതി.

# ശക്തമായ സുരക്ഷ

സുരക്ഷയ്ക്കായി മൈതാനിയിൽ നിലവിലുള്ളതിന് പുറമെ നിരവധി സി.സി.ടി.വി കാമറകളും സ്ഥാപിക്കും. ഫെബ്രുവരി ഒന്നുമുതൽ പൂരം അവസാനിക്കുന്ന 10ന് രാവിലെ 8 വരെ ക്ഷേത്രത്തിന്റെ 7 കിലോമീറ്റർ ചുറ്റളവിൽ ഒരുകോടി രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ എടുത്തിട്ടുണ്ട്. ഫോറസ്റ്റ്, എലിഫന്റ് സ്‌ക്വാഡ്, മയക്കുവെടി വിദഗ്ദ്ധൻ എന്നിവരെ കൂടാതെ ആനകളുമായി ബന്ധപ്പെട്ട് അനിഷ്ടസംഭവങ്ങളുണ്ടായാൽ ഉടനടി പരിഹാരം കാണുന്നതിന് സ്വകാര്യ എലിഫന്റ് സ്‌ക്വാഡിനേയും നിയോഗിച്ചിട്ടുണ്ടെന്നും പൂരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും വി.വി സഭാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.