കൊച്ചി : നടിയെ ആക്രമിച്ച് അശ്ളീലദൃശ്യങ്ങൾ പകർത്തിയ കേസിലും പ്രതികൾ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന തന്റെ കേസിലും വിചാരണക്കോടതി ഒരുമിച്ചു കുറ്റം ചുമത്തിയത് നിയമപരമല്ലാത്തതിനാൽ കുറ്റം ചുമത്തിയതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഇന്ന് ഉച്ചയ്ക്ക് 1.45 ന് ഹർജി സിംഗിൾബെഞ്ച് വീണ്ടും പരിഗണിക്കും.
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. കേസിൽ ജനുവരി 30ന് വിചാരണ തുടങ്ങാനിരിക്കെയാണ് വിചാരണക്കോടതി കുറ്റം ചുമത്തിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഉൾപ്പെടെ പ്രതികൾക്കെതിരെ കോടതി കുറ്റം ചുമത്തിയിരുന്നു. മറ്റു പ്രതികൾ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ചെന്നാരോപിച്ച് ദിലീപ് നൽകിയ കേസിലും കോടതി ഇതോടൊപ്പം കുറ്റം ചുമത്തി. പൾസർ സുനി, മേസ്തിരി സനിൽ, വിഷ്ണു എന്നിവർക്കെതിരെയാണ് കുറ്റംചുമത്തിയത്. രണ്ടു കേസുകളുടെയും വിചാരണ ഒരുമിച്ചു നടത്താനാണ് എറണാകുളം സി.ബി.ഐ കോടതി തീരുമാനിച്ചതെന്നും ഒരാൾ ഇരയും പ്രതിയുമായ കേസുകളിൽ ഒരുമിച്ചു കുറ്റം ചുമത്തുന്നത് ക്രിമിനൽ കേസുകളുടെ ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്തതാണെന്നും ഹർജിയിൽ പറയുന്നു.ഇന്നലെ ഹർജി പരിഗണനയ്ക്കെടുത്തപ്പോൾ സർക്കാർ ശക്തമായി എതിർത്തു. കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഇതിനിടെ കുറ്റം ചുമത്തിയത് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതിക്ക് പരിഗണിക്കാൻ കഴിയില്ലെന്ന് സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. എന്നാൽ ദിലീപ് ഇരയും പ്രതിയുമായ കേസുകളുടെ വിചാരണ ഒരുമിച്ചു പാടില്ലെന്നാണ് ഇപ്പോഴത്തെ ആവശ്യമെന്ന് ദിലീപിന്റെ അഭിഭാഷകൻ ബോധിപ്പിച്ചു. തുടർന്നാണ് സർക്കാരിനോടു വിശദീകരണം നൽകാൻ നിർദ്ദേശിച്ച് ഹർജി ഇന്നു പരിഗണിക്കാൻ മാറ്റിയത്.