കിഴക്കമ്പലം: പുക്കാട്ടുപടി - വള്ളത്തോൾ വായനശാല - ചെമ്മലപ്പടി റോഡ് ദേശീയ പാത നിലവാരത്തിലേയ്ക്ക്. ഇതിനായി കിഴക്കമ്പലം ട്വന്റി 20 യുടെ നേതൃത്വത്തിൽ വീതി കൂട്ടി നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി.രണ്ടു കിലോമീറ്റർ ദൂരം വരുന്ന റോഡിന്റെ ഇരുവശങ്ങളിൽ നിന്നുമായി 4 മീറ്റർ വീതിയിലാണ് റോഡ് പുനർനിർമ്മിക്കുന്നത്. വീതി വർദ്ധിക്കുന്നതോടെ 7 മീറ്റർ മാത്രമുണ്ടായിരുന്ന റോഡിന് 11 മീറ്റർ വീതി ലഭിക്കും. ഊരക്കാട് മേഖലയിൽ പ്രവർത്തിക്കുന്ന പാറമട, ക്രഷർ എന്നിവിടങ്ങളിൽ നിന്നും ദിവസേന നൂറു കണക്കിന് ഭാരവാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലുമുള്ളവർ സ്ഥലം വിട്ടു നൽകും.ഇവർക്ക് സ്ഥലത്തിന്റെ വില ട്വന്റി 20 നൽകും.ബി.എം, ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കുന്ന റോഡിൽ ഡ്രൈനേജ്, കലുങ്കുകൾ, ദിശാ സൂചകങ്ങൾ, റിഫ്ളക്ടർ ലൈനുകൾ , സ്പീഡ് കൺട്രോൾ റിഫ്ളക്ടറുകൾ തുടങ്ങി എല്ലാ ആധുനിക സൗകര്യങ്ങളുമൊരുക്കും. പഞ്ചായത്തംഗങ്ങളായ എം.പി സുരേഷ്, രാധാമണി ധരണീന്ദ്രൻ. ജിൻസി ബിജു, മിനി രതീഷ്, ട്വന്റി 20 വാർഡ് ഭാരവാഹികളായ പി.വി.അനുപ്, ടി.എം പരീത്, ടി.വി മത്തായി, പി.കെ സതീശൻ, അൻസാർ എന്നിവരാണ് പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.