മൂവാറ്റുപുഴ:എസ്.എൻ.ഡി.പി. ഹയർസെക്കൻഡറി സ്‌കൂൾ വാർഷികാഘോഷവും പൂർവ വിദ്യാർത്ഥി സംഗമവും യാത്രയയപ്പ് സമ്മേളനവും ഇന്നും നാളെയും നടക്കും. ഇന്ന് ഉച്ചയ്ക്ക് 1ന് പൂർവ വിദ്യാർത്ഥി സംഗവും പ്രതിഭാസംഗമവും നടക്കും. നാളെ (വെള്ളി) രാവിലെ 9ന് സ്‌കൂൾ മാനേജർ വി.കെ.നാരായണൻ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനവും സംസ്ഥാന കലാകായിക മത്സരങ്ങളിൽ വിജയികൾക്കുള്ള അവാർഡ് ദാനവും എൽദോ എബ്രഹാം എം.എൽ.എ നിർവഹിക്കും. സ്‌കൂൾ മാനേജർ വി.കെ.നാരായണൻ അദ്ധ്യക്ഷത വഹിക്കും. മുൻ എംഎൽ.എ. ഗോപി കോട്ടമുറിയ്ക്കൽ മുഖ്യപ്രഭാഷണവും നഗരസഭ ചെയർപേഴ്‌സൺ ഉഷാ ശശിധരൻ അനുഗ്രഹ പ്രഭാഷണവും നടത്തും. പഠന മികവിനുള്ള സമ്മാനദാനവും അജു ഫൗണ്ടേഷൻ എൻഡോവ്‌മെന്റ് വിതരണവും പൊതു വിദ്യാഭ്യാസ വകുപ്പ് അഡിഷണൽ ഡയറക്ടർ സി.എ.സന്തോഷ് നിർവഹിക്കും. ഡോ.ശ്രീകാന്ത് എൻഡോവ്‌മെന്റ് വിതരണം ഡി.ഇ.ഒ. ഇ.പത്മകുമാരിയും പൂർവ വിദ്യാർത്ഥിയും പ്രതിഭാ പുരസ്‌കാര ജേതാവുമായ എബിൻ ബിനോയിക്കുള്ള പുരസ്‌കാര സമർപ്പണം പ്രിൻസിപ്പൽ കെ.കെ.ലതയും നിർവഹിക്കും.സർവീസിൽ നിന്നും വിരമിക്കുന്ന എച്ച്.എസ്.എസ്. വിഭാഗം പ്രിൻസിപ്പൽ കെ.കെ.ലതയ്ക്ക് ചടങ്ങിൽ യാത്രയയപ്പും നൽകും.