പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ കപ്രിയക്കാട് തേക്കുതോട്ടത്തിൽ കാട്ടാനയിറങ്ങി. കഴിഞ്ഞ കുറേ ദിവസങ്ങളായി വേങ്ങൂർ പഞ്ചായത്തിലെ പാണംകുഴി പ്രദേശത്തെ നിരവധി കൃഷിയിടങ്ങൾ നശിപ്പിച്ച കാട്ടാനയാണ് മൂന്ന് കിലോമീറ്ററോളം പടിഞ്ഞാറ് മാറി കപ്രിയക്കാട് ഇക്കോ ടൂറിസം മേഖലയുടെ അടുത്തെത്തി വലുതായ പനകൾ തലങ്ങും വിലങ്ങും കുത്തിമറിച്ചിട്ടത്. തുടർന്ന് അതിർത്തി കമ്പിവേലി തകർത്ത് കല്ലുമലേക്കുടി ബിനുവിന്റെ കുടിയിൽ കയറി വാഴയും ജാതിയും നശിപ്പിച്ചു. പാണംകുഴി, കപ്രിയക്കാട് മേഖലയിലെ തുടർച്ചയായ കാട്ടാന ശല്യം അവസാനിപ്പിക്കാൻ കുങ്കിയാനകളെ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാവുകയാണ്. റാപ്പിഡ് റെസ്പോൺസ് ടീമിന് ആവശ്യമായ ആധുനിക ഉപകരണങ്ങൾ നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. വൈകിട്ട് അറുമണിയോടെ പാണംകുഴിയിൽ ജനവാസ മേഖലയിൽ എത്തിയ കാട്ടാന അഭയാരണ്യം പദ്ധതി പ്രദേശത്തിന്റെ കിഴക്ക് അതിർത്തിയിലെത്തിയത്. തുടർന്ന് രാത്രിയോടെ കപ്രിയക്കാട് മേഖലയിലേയ്ക്ക് കടക്കുകയായിരുന്നു. നാട്ടുകാരായ യുവാക്കളും റിസേർച്ച് റെയിഞ്ച് ഓഫീസർ അനീഷ് സിദ്ധിക്, ഫോറസ്റ്ററന്മാരായ വിനയൻ, സാബു എന്നിവരുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.