കിഴക്കമ്പലം: ജില്ലാ പ്ലാനിംഗ് കമ്മിറ്റിയുടെയോ, സർക്കാരിന്റെയോ അനുമതിയില്ലെന്നാരോപിച്ച് , ട്വന്റി 20 നടത്തുന്ന റോഡു നിർമാണങ്ങൾക്കെതിരെയും, വി.പി.സജീന്ദ്രൻ എം.എൽ.എ അനുവദിച്ച ഫണ്ടുകൾ ട്വന്റി20യുടേതാക്കി മാറ്റാനുള്ള ശ്രമത്തിനെതിരെയും കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പ്രക്ഷോഭം നടത്തുമെന്ന് മണ്ഡലം പ്രസിഡന്റ് ഏലിയാസ് കാരിപ്ര അറിയിച്ചു. മുൻ കോൺഗ്രസ് ഭരണസമിതിയുടെ നേതൃത്വത്തിൽ നിർമിച്ച ബസ് സ്റ്റാൻഡും കാത്തിരിപ്പു കേന്ദ്രവും അനുമതിയില്ലാതെ പൊളിച്ചു നീക്കി. നിയമവിരുദ്ധമായിട്ടാണ് ബസ് സ്റ്റാൻഡിന്റെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. തോട് നിർമാണത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി ആർക്കും തൊഴിൽ നൽകിയിട്ടില്ല. എം.എൽ.എ അനുവദിച്ച വിവിധ വികസന പ്രവർത്തനങ്ങളുടെ ഫണ്ടുകൾ ട്വന്റി20യുടെ ബിനാമി കോൺട്രാക്ടർമാരെ ഉപയോഗിച്ച് തങ്ങളുടേതാക്കി മാറ്റാനും ശ്രമം നടക്കുന്നുണ്ടെന്നും കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നു. ട്വന്റി20ക്ക് താൽപര്യമുള്ള സ്ഥലങ്ങളിൽ മാത്രമാണ് റോഡ് നിർമാണം അടക്കം നടത്തുന്നത്. നിയമവിരുദ്ധമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണെങ്കിൽ നിർമാണ പ്രവർത്തനങ്ങൾ തടയുമെന്ന് കോൺഗ്രസ് നേതൃത്വം പറയുന്നു.