കൊച്ചി: അടുത്ത മഴക്കാലത്ത് കൊച്ചി നഗരം വെള്ളക്കെട്ടിൽ മുങ്ങുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു.
കേരളകൗമുദിയും ഭക്ഷ്യസുരക്ഷാ വകുപ്പും സെന്റ് തെരേസാസ് കോളേജും സംയുക്തമായി സംഘടിപ്പിച്ച ഭക്ഷ്യസുരക്ഷാ ബോധവത്കരണ സെമിനാർ ഉദ്ഘാടന വേദിയിൽ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്ത് നടപ്പാക്കിയ ഓപ്പറേഷൻ അനന്ത പദ്ധതിയുടെ മാതൃകയിലാണ് വെള്ളക്കെട്ട് ഒഴിവാക്കാൻ ഓപ്പറേഷൻ ബ്രേക്ക് ത്രൂ നടപ്പാക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ മഴക്കാലത്ത് നഗരം വെള്ളത്തിൽ മുങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് പദ്ധതി ആരംഭിച്ചത്. കലൂരിലുണ്ടായ വെള്ളക്കെട്ട് കെ.എസ്.ഇ.ബി സബ് സ്റ്റേഷന്റെ പ്രവർത്തനം തടസപ്പെടുന്ന അവസ്ഥ സൃഷ്ടിച്ചു. ആലപ്പുഴയിൽ നിന്നുൾപ്പെടെ എത്തിച്ച മോട്ടോറുകൾ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്താണ് സബ് സ്റ്റേഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കഴിഞ്ഞത്. ഏതാനും ഇഞ്ചു കൂടി വെള്ളം ഉയർന്നിരുന്നെങ്കിൽ വൈദ്യുതി വിതരണം നിറുത്തേണ്ട അവസ്ഥ വരുമായിരുന്നു. സബ് സ്റ്റേഷൻ അടച്ചാൽ നഗരമാകെ ഇരുട്ടിൽ മുങ്ങുമായിരുന്നു.
ഓപ്പറേഷൻ ബ്രേക്ക് ത്രൂവിലെ 200 ലേറെ പദ്ധതികളിൽ 36 എണ്ണത്തിന്റെ നിർമ്മാണം ആരംഭിച്ചുകഴിഞ്ഞു. കാനകളിൽ ജലമൊഴുക്ക് സുഗമമാക്കുകയാണ് ലക്ഷ്യം. റെയിൽവെ ലൈൻ ഉൾപ്പെടെ സൃഷ്ടിക്കുന്ന തടസങ്ങൾ കാനകളിലെ ഒഴുക്ക് സുഗമമാക്കാൻ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കാനകളും തോടുകളും പലയിടത്തും ഒഴുക്ക് നിലച്ച അവസ്ഥയിലാണ്. തടസങ്ങളും മാലിന്യങ്ങളും നീക്കം ചെയ്ത് ജലമൊഴുക്ക് സുഗമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
നിർമ്മാണപ്രവർത്തനങ്ങൾ താൻ നേരിട്ട് വിലയിരുത്തുന്നുണ്ട്. അടുത്ത മഴക്കാലത്ത് മുൻവർഷത്തെപ്പോലെ പ്രശ്നങ്ങളുണ്ടാകില്ല. നാലു വർഷം കൊണ്ട് പദ്ധതികൾ പൂർത്തിയാക്കുമ്പോൾ വെള്ളക്കെട്ട് പൂർണമായി ഇല്ലാതാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
# കാനകൾ പുനർനിർമ്മിക്കും
ഓപ്പറേഷൻ ബ്രേക് ത്രൂവിന്റെ ഭാഗമായി കലൂർ ജഡ്‌ജസ് അവന്യൂവിലെ പ്രധാന കാനകളുടെ പുനർനിർമ്മാണം കളക്ടർ എസ്. സുഹാസ് ഇന്നലെ വിലയിരുത്തി. പേരണ്ടൂർ കനാലിലേക്ക് വെള്ളമൊഴുകാനുള്ള തടസം കാനകളുടെ വലിപ്പക്കുറവും ശോച്യാവസ്ഥയുമാണെന്ന് അദ്ദേഹം പറഞ്ഞു. ജഡ്‌ജസ് അവന്യൂവിലെ കാനകൾ പുനർനിർമിക്കാൻ തയ്യാറാക്കിയ പദ്ധതി അപര്യാപ്തമാണെന്ന് സ്ഥലപരിശോധനയിൽ ബോദ്ധ്യപ്പെട്ടതോടെ കാന സമഗ്രമായി പൊളിച്ചു പണിയാൻ അദ്ദേഹം നിർദ്ദേശിച്ചു.
പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് കാന നിർമ്മാണത്തിന് അടിയന്തരമായി എസ്റ്റിമേറ്റ് സമർപ്പിക്കാൻ കളക്ടർ ആവശ്യപ്പെട്ടു. ആവശ്യമായ തുക ദുരന്ത നിവാരണ വകുപ്പ് അനുവദിക്കുമെന്നും കളക്ടർ പറഞ്ഞു
.വെള്ളക്കെട്ടിൽ നിന്ന് നഗരത്തിന് സമ്പൂർണ മോചനം ലഭിക്കാൻ നാലു വർഷം
റെയിൽവെ ലൈൻ ഉൾപ്പെടെ തടസം സൃഷ്ടിക്കുന്നു
ജഡ്‌ജസ് അവന്യൂവിലെ കാനകൾ പൊളിച്ചുപണിയും