പെരുമ്പാവൂർ: വേങ്ങൂർ പഞ്ചായത്തിലെ കൊച്ചുപുരയ്ക്കൽ കടവിലെ 79 ാം നമ്പർ അങ്കണവാടിയിൽ കഴിഞ്ഞ നാല് വർഷമായി കുടിവെള്ളം നിഷേധിച്ചതിൽ പ്രതിഷേധിച്ച് രക്ഷിതാക്കൾ കുന്നത്തുനാട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാന് പരാതി നൽകി. സാമ്പത്തിക ബാധ്യതയുടെ പേര് പറഞ്ഞ് അങ്കണവാടിയിലുണ്ടായിരുന്ന പൊതുടാപ്പ് നിർത്തലാക്കിയതിനെ തുടർന്ന് കുട്ടികൾ കുടിവെള്ളത്തിനായി അയൽ വീടുകളെയാണ് ആശ്രയിക്കുന്നത്. നിരന്തരം വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിനരികിലുള്ള അങ്കണവാടിയിൽ നിന്ന് കുടിവെള്ളത്തിനും മറ്റാവശ്യങ്ങൾക്കുമായി കുട്ടികൾ അയൽ വീടുകളിലേക്ക് പോകുന്നത് അപകടം സൃഷ്ടിക്കുന്നതിന് കാരണമാകും.