കൊച്ചി: നഗരത്തിലെ തമ്മനം-പുല്ലേപ്പടി റോഡിന്റെ വീതികൂട്ടാൻ പൊതുമരാമത്ത് വകുപ്പും പ്രിൻസിപ്പൽ സെക്രട്ടറിയും ജില്ലാ ഭരണകൂടവും സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കി മൂന്നാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. എറണാകുളം നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ തമ്മനം - പുല്ലേപ്പടി റോഡിന്റെ വീതി കൂട്ടാൻ കടവന്ത്ര സ്വദേശിനി ഡോ. എസ്. പ്രിയരഞ്ജിനി നൽകിയ ഹർജിയിൽ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഈ ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് ഹർജിക്കാരി നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതി സത്യവാങ്മൂലം തേടിയത്. റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കുമ്പോൾ ഭൂവുടമകൾക്ക് എങ്ങനെ നഷ്ടപരിഹാരം നൽകാനാണ് ഉദ്ദേശിക്കുന്നത്, ഇതിനായി നഗരസഭ ആവശ്യപ്പെട്ട സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് സർക്കാർ അനുവദിക്കാതിരുന്നത് എന്തു കൊണ്ടാണ്, ഭൂമി സൗജന്യമായി നൽകാൻ സമ്മതിച്ചവരിൽ നിന്ന് ഭൂമി ഏറ്റെടുത്തോ എന്നിവ വിശദീകരിക്കാൻ കഴിഞ്ഞ ഡിസംബറിൽ ഹൈക്കോടതി കളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. പിന്നീട് ഹർജി പരിഗണനയ്ക്കു വന്നപ്പോൾ റോഡ് വികസനത്തിന് കൊച്ചി നഗരസഭയുടെ പക്കൽ ഫണ്ടില്ലെന്നും ഇതിനായി റോഡ് നിരുപാധികം പൊതുമരാമത്ത് വകുപ്പിന് കൈമാറി പ്രമേയം പാസാക്കാൻ സർക്കാർ നിർദ്ദേശിച്ചെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. ഇതേ സമയം റോഡ് വീതികൂട്ടുന്നതിനെക്കുറിച്ച് പഠിച്ച് പൊതുമരാമത്ത് വകുപ്പ് വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കും. കേരള റോഡ് ഫണ്ട് ബോർഡിൽ നിന്ന് പണം ലഭ്യമാക്കുമെന്നും ഇതോടൊപ്പം എത്ര സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നും ഇതിന് എന്തു ചെലവു വരുമെന്നും വ്യക്തമാക്കി കളക്ടർ റിപ്പോർട്ട് നൽകുമെന്നും സർക്കാർ വിശദീകരിച്ചു. ഇക്കാര്യങ്ങളിൽ സ്വീകരിച്ച നടപടി വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ സമയം വേണമെന്നും സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്നാണ് മൂന്നാഴ്ച സമയം അനുവദിച്ചത്.

 തമ്മനം - പുല്ലേപ്പടി റോഡ്

3.5 കിലോമീറ്റർ

22 മീറ്റർ വീതിയുള്ള നാലു വരിപ്പാതയാക്കൽ ലക്ഷ്യം

4.0163 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടി വരും

263 കോടി രൂപ ചെലവ്

2011 ലും 2015 ലും 25 കോടി രൂപ വീതം സ്ഥലമേറ്റെടുക്കാൻ അനുവദിച്ചു

2015 ൽ 300 കോടി രൂപയുടെ ഭരണാനുമതി നൽകി

ഫണ്ട് കണ്ടെത്താൻ പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ അധിക സെസ്