ആലുവ: നഷ്ടത്തെത്തുടർന്ന് നിർത്തലാക്കിയ 1968 സർവീസുകൾ പുന:ക്രമീകരിച്ച് സർവീസ് പുനരാരംഭിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ആലുവ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പുന:ക്രമീകരിച്ചിട്ടും ലാഭത്തിലായില്ലെങ്കിൽ അത്തരം റൂട്ടുകളിലെ സർവീസ് അവസാനിപ്പിക്കും.
1968 ബസുകൾ പിൻവലിച്ചപ്പോൾ വരുമാനത്തിൽ എട്ടുലക്ഷം രൂപ കുറഞ്ഞെങ്കിലും കെ.എസ്.ആർ.ടി.സിയുടെ ചെലവിൽ 14 ലക്ഷം രൂപയുടെ കുറവുണ്ടായി. അതുവഴി ആറുലക്ഷം രൂപയുടെ ബാദ്ധ്യത ഒഴിവാക്കാനായി. കെ.എസ്.ആർ.ടി.സിയുടെ പ്രയാസങ്ങൾ വേഗത്തിൽ മറികടക്കാനാകും. ആസ്തി വികസന പദ്ധതികൾ നടപ്പിലാക്കാൻ ജനപ്രതിനിധികൾ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അൻവർ സാദത്ത് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 5.86 കോടി രൂപ ചെലവഴിച്ചാണ് കെ.എസ്.ആർ.ടി.സി പാസഞ്ചർ കം അമിനിറ്റി സെന്റർ നിർമ്മിക്കുന്നത്. ഒന്നര വർഷത്തിനകം പദ്ധതിയുടെ നിർമ്മാണം പൂർത്തിയാക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.
അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബെഹന്നാൻ എം.പി മുഖ്യാതിഥിയായി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ മുത്തലിബ്, നഗരസഭാ ചെയർപേഴ്‌സൺ ലിസി എബ്രഹാം, എം.ഒ. ജോൺ, ബിന്ദു സെബാസ്റ്റ്യൻ, നൂർജഹാൻ സക്കീർ, കെ.എ. രമേശ്, എം.പി. ലോനപ്പൻ, ദിലീപ് കപ്രശ്ശേരി, അൽഫോൺസ വർഗീസ്, എ.ടി.ഒ കെ. പ്രിയേഷ്‌കുമാർ എന്നിവർ സംസാരിച്ചു.