കൊച്ചി : സഭാതർക്കത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാരിന് ഉത്തരവാദിത്വം ഉണ്ടെന്നും ക്രമസമാധാനപ്രശ്നത്തിന്റെ പേരിൽ വിധി നടപ്പാക്കുന്നതിനെതിരെ തർക്കം ഉന്നയിക്കാൻ സർക്കാരിന് കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഒാർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് സർക്കാർ വ്യക്തമായ നിർദ്ദേശം നൽകണമെന്നും സിംഗിൾബെഞ്ച് നിർദ്ദേശിച്ചു.
ഒാർത്തഡോക്സ് വിഭാഗക്കാരായ കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ, ഫാ. രാജൻ ജോർജ് എന്നിവർ കൂത്താട്ടുകുളം സെന്റ് സ്റ്റീഫൻസ് പള്ളിയിലും ചാപ്പലുകളിലും സെമിത്തേരിയിലും മതപരമായ ചടങ്ങുകൾ നടത്താൻ പൊലീസ് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം. മതപരമായ ചടങ്ങുകൾ നടത്താൻ സംരക്ഷണം നൽകണമെന്നും സമാധാനപരമായി ചടങ്ങുകളിൽ പങ്കെടുക്കാനെത്തുന്ന ഇടവകാംഗങ്ങളെ പൊലീസ് തടയരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സുപ്രീംകോടതിയുടെ വിധിപ്രകാരം 1934 ലെ മലങ്കരസഭാ ഭരണഘടന അംഗീകരിക്കാത്തവരെ വിലക്കിയും ഗീവർഗീസ് റമ്പാന് പള്ളിയിൽ പ്രവേശിക്കാൻ പൊലീസ് സംരക്ഷണം നൽകിയും മുൻസിഫ്, സബ് കോടതികളുടെ ഉത്തരവുണ്ടായിരുന്നു. ഇതുപ്രകാരം രണ്ടു തവണ പള്ളിയിൽ കയറാൻ എത്തിയെങ്കിലും എതിർവിഭാഗം തടഞ്ഞെന്നും മതിയായ സംരക്ഷണം നൽകിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
സുപ്രീംകോടതിയുടെ വിധിയെത്തുടർന്ന് സമാനമായ നിരവധി ഹർജികൾ ഹൈക്കോടതിയിലെത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സിംഗിൾബെഞ്ച് വിധി നടപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നു വ്യക്തമാക്കി. വിധി നടപ്പാക്കുമ്പോൾ ക്രമസമാധാനപ്രശ്നത്തിന് സാദ്ധ്യതയുണ്ട്. എന്നാൽ ഇതിന്റെ പേരിൽ വിധി നടപ്പാക്കാതിരിക്കാൻ കഴിയില്ല. ഒരു വിഭാഗത്തിന് അവകാശം സ്ഥാപിച്ചുനൽകുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് സർക്കാരിന് ബോദ്ധ്യം വേണം. സംരക്ഷണം നൽകാൻ കോടതി ഉത്തരവു നൽകിയതുകൊണ്ടുമാത്രം കാര്യമില്ല. സഹായം നൽകാൻ പൊലീസ് തയ്യാറാകണം. ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട് അറിയിക്കാൻ നിർദ്ദേശിച്ച സിംഗിൾബെഞ്ച് ഹർജി ഫെബ്രുവരി 11ന് പരിഗണിക്കാൻ മാറ്റി.