അൻപതാമത്തെ കഥയായ കടൽപ്പോര് ഇന്ന് വൈകീട്ട് 4.30 ന് പള്ളുരുത്തി ഇ.കെ നാരായണൻ സ്‌ക്വയറിൽ നടക്കും.
എം.സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
പള്ളുരുത്തി: ഇടക്കൊച്ചി സലിം കുമാറിന്റെ കഥകൾക്ക് അൻപത് നിറവ്. 1968 ൽ ഇടക്കൊച്ചി ആഗ്ലോ ഇന്ത്യൻ സ്‌കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് കഥാ പ്രസംഗം അവതരണത്തിനായി ആദ്യമായി തട്ടിൽ കയറുന്നത്. വൈലോപ്പിള്ളി ശ്രീധര മേനോന്റെ മാമ്പഴം എന്ന കവിതയാണ് അന്ന് അവതരിപ്പിച്ചത്. കുട്ടിയായ തന്നെ കഥ പറയാൻ പഠിപ്പിച്ചത് പ്രശസ്ത കാഥികനായ തന്റെ അച്ഛൻ ഇടക്കൊച്ചി പ്രഭാകരനാണ്. അച്ഛൻ പകർന്നു തന്ന ധൈര്യമാണ് അക്കാലത്ത് വേദികളിൽ കയറി കഥ പറയാൻ തനിക്ക് ഊർജം നൽകിയിരുന്നതെന്ന് സലിം കുമാർ പറയുന്നു. യു.പി, ഹയർസെക്കൻഡറി , കോളേജ് തലങ്ങളിൽ ഭ്രാന്തൻ... ഭ്രാന്തൻ , മുത്തുക്കുടം എന്നീ കഥകൾ അവതരിപ്പിച്ചു. 1979 ജനുവരി 7 ന് ഇടക്കൊച്ചി തടിയം കടവ് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ എം മുകുന്ദന്റെ സീത എന്ന കഥ പ്രൊഫഷണലായി അവതരിപ്പിച്ചു. തുടർന്ന് ഓരോ വർഷവും സാമൂഹ്യം, ചരിത്രം, പുരാണം, വൈദേശികവുമായ വ്യത്യസ്ത കഥകൾ എണ്ണായിരത്തിലേറെ വേദികളിൽ അവതരിപ്പിച്ചു. 1980 ൽ കാഥിക കുലപതികയായ കെടാമംഗലവും , വി സാംബശിവനും രൂപപ്പെടുത്തിയ പുരോഗമന കഥാ പ്രസംഗ കലാസംഘടനയിൽ അംഗമായി കഥാ പ്രസംഗപഠന കളരിയിൽ പങ്കുചേർന്നു. 1996 ൽ കഥാപ്രസംഗ കലയിൽ പുതിയ പരീക്ഷണം എന്ന നിലയിൽ കഥാഗാനങ്ങൾ ഓർക്കസ്ട്രയുടെ സാന്നിധ്യത്തിലും പഞ്ചാത്തല ഇഫക്ടുകൾ റെക്കോഡിംഗ് മ്യൂസിക് സമന്വയിപ്പിച്ച് വിജയകരമായി അവതരിപ്പിച്ചു. കഥാ പ്രസംഗ കലയിൽ മൂന്ന് തലമുറകളുള്ള കേരളത്തിലെ ആദ്യ കുടുംബം സലിം കുമാറിന്റേതാണ്. ഇടക്കൊച്ചി പ്രഭാകരൻ, ഇടക്കൊച്ചി സലിം കുമാർ , സനീഷ സലിം കുമാർ എന്നിവർ ചേർന്ന് 2003 ൽ പുകസ ഒരുക്കിയ വേദിയിൽ കഥ പറഞ്ഞിട്ടുണ്ട്. കേരളത്തിന് പുറത്ത് ന്യൂ ഡൽഹി, മയൂർ വിഹാർ, മുംബൈ, അഹമ്മദബാദ്, ബാഗ്ലൂർ, ചെന്നൈ, ഗുജറാത്ത് തുടങ്ങിയ വിവിധ സ്ഥലങ്ങളിലും ഗൾഫ് രാജ്യങ്ങളായ ബഹ്രിൻ, മസ്‌ക്കറ്റ്, അബുദാബി, ഖത്തർ എന്നിവിടങ്ങളിലും സലിം കുമാർ കഥ പറഞ്ഞിട്ടുണ്ട്. പതിനഞ്ചിലേറെ സ്വന്തം രചനകൾ കഥയായി അവതരിപ്പിച്ച സലിം കുമാറിന് കാഥിക ശ്രേഷ്ഠ, കാഥിക രത്‌ന , കാഥിക പ്രതിഭ, സ്വർണ്ണ മയൂഖ, തങ്ക ഗോപിക, കാഥിക പ്രമുഖ് , കേരള സംഗീത നാടക അക്കാഡമിയുടെ പ്രഥമ കലാശ്രീ തുടങ്ങിയ പുരസ്‌ക്കാരങ്ങളും മുന്നൂറിലേറെ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.