157 മീറ്റർ നീളം

18 നോട്ടിക്കൽ മൈൽ വേഗം

104 ജീവനക്കാർ.

1200 പേർക്ക് യാത്ര ചെയ്യാം

കൊച്ചി: ആൻഡമാൻ നിക്കോബാർ അഡ്മിനിസ്‌ട്രേഷന് വേണ്ടി കൊച്ചി കപ്പൽശാല നിർമ്മിച്ച യാത്രാചരക്ക് കപ്പൽ ഇന്നലെ നീരണിഞ്ഞു കപ്പലിന് 1000 ടൺ ഭാരം വഹിക്കുവാനാകും. കൊച്ചി കപ്പൽ ശാലയിൽ നടന്ന ചടങ്ങിൽ കപ്പൽശാല സി.എം.ഡി മധു. എസ്. നായരുടെ ഭാര്യയും എൻ.പി.ഒ.എൽ ശാസ്ത്രജ്ഞയുമായ കെ.റമീത കപ്പൽ നീറ്റിലിറക്കി. സി.എം.ഡി മധു.എസ്.നായർ, കപ്പൽശാല ഓപ്പറേഷൻസ് ഡയറക്ടർ സുരേഷ് ബാബു എൻ.വി , സാങ്കേതിക വിഭാഗം ഡയറക്ടർ ബിജോയി ഭാസ്‌കർ, സാമ്പത്തിക വിഭാഗം ഡയറക്ടർ ജോസ്.വി.ജെ തുടങ്ങിയവർ പങ്കെടുത്തു.

എപ്പോഴും യാത്രയാവാം

ഇന്ത്യയിൽ നിന്ന് ആൻഡമാനിലേക്ക് ഏത് കാലാവസ്ഥയിലും യാത്ര ചെയ്യാനാവും. സ്റ്റീലിൽ നിർമ്മിതമായ സേഫ് ടു പോർട്ട് അനുവർത്തനത്തിലുള്ള കപ്പൽ ഏഷ്യയിൽ തന്നെ ആദ്യമായിട്ടാണ് നിർമിക്കപ്പെടുന്നത്. കഫ്റ്റേരിയ , റിക്രിയേഷൻ മുറികൾ, വിവിധ ക്ലാസുകളിലുള്ള കാബിനുകൾ തുടങ്ങിയവയുണ്ട്. . ഉപകരണങ്ങൾ ഘടിപ്പിക്കുന്നതിനും താമസസൗകര്യങ്ങളൊരുക്കുന്നതിനുമുള്ള നടപടികളാണ് ഇനി പൂർത്തിയാവാനുള്ളത്. തുടർന്ന് ടെസ്റ്റിംഗിനും ട്രയൽ സഞ്ചാരത്തിനും ശേഷം 2021ൽ ആൻഡമാൻ നിക്കോബാർ അഡ്മിനിസ്‌ട്രേഷന് കൈമാറും.

നാലു കപ്പലുകളിൽ ആദ്യം

ആൻഡമാന് വേണ്ടി നിർമ്മിക്കുന്ന നാല് കപ്പലുകളിൽ ആദ്യത്തേതാണ് ഇന്നലെ നീറ്റിലിറക്കിയത്. 500 യാത്രക്കാരെ കൊള്ളുന്ന 150 ടൺ ഭാരശേഷിയുള്ള രണ്ട് കപ്പലുകളും 1200 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന 1000 ടൺ ഭാരശേഷിയുമുള്ള ഒരു കപ്പലും നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിൽ 500 പേർക്ക് യാത്ര ചെയ്യാനാവുന്ന രണ്ട് കപ്പലുകളിലൊന്ന് മാർച്ചിലും രണ്ടാമത്തേത് ജൂണിലും ആൻഡമാൻ അഡ്മിനിസ്‌ട്രേഷന് കൈമാറും.