tree
ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് 13 ാം വാർഡിൽ കിഴക്കേ ദേശം അൻവിത ഫ്‌ളാറ്റിന് സമീപം വഴിയരികിലെ കടപുഴകി വീണ തണൽ മരം ശിഖിരങ്ങൾ ഫയർഫോഴ്സ് സംഘം മുറിച്ചു നീക്കുന്നു.

ആലുവ: വീടിന് മുന്നിലെ അപകടാവസ്ഥയിലായ തണൽ മരം മുറിച്ച് നീക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വൃദ്ധദമ്പതികൾ മാസങ്ങളായി കയറിയിറങ്ങാത്ത ഓഫീസുകളില്ല. ആദ്യം പഞ്ചായത്ത് ഓഫീസ്, പിന്നാലെ വനം വകുപ്പ്. എന്നിട്ടും പരിഹാരമില്ലാതായപ്പോൾ ജില്ലാ കളക്ടറുടെ അടുത്തേക്ക്. എല്ലായിടത്തും മാറിമാറി പലവട്ടം കയറിയിറങ്ങി. ആരും ഇവരുടെ പരാതി പരിഗണിച്ചില്ല. ഒടുവിൽ ആർക്കും ഒരു പോറൽ പോലുമേൽപ്പിക്കാതെ പട്ടാപ്പകൽ ആ അപകടക്കെണിയൊരുക്കി നിന്ന തണൽമരം കടപുഴകി വീണു. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് 13 ാം വാർഡിൽ കിഴക്കേദേശം അൻവിത ഫ്ലാറ്റിന് സമീപം ഗുരുപ്രസാദത്തിൽ കെ.കെ. കുമാരനും ഭാര്യ പൊന്നമ്മ കുമാരനുമാണ് ഇതേ തണൽ മരം വെട്ടുന്നതിന് അനുമതി തേടി കയറിയിറങ്ങിയത്.

റിട്ട. ജോയിന്റ് ആർ.ടി.ഒയായ പൊന്നമ്മയും സ്വകാര്യ സ്ഥാപനത്തിൽ നിന്നും വിരമിച്ച കുമാരനും മാത്രമാണ് ഇപ്പോൾ വീട്ടിൽ താമസിക്കുന്നത്. മക്കൾ ജോലി സംബന്ധമായി ബാംഗ്ലൂരിലാണ്. മാത്രമല്ല, പ്രമേഹത്തിന് കാലിൽ ശസ്ത്രക്രിയ നടത്തിയ കുമാരൻ വിശ്രമത്തിലുമാണ്. കാറ്റിലും മഴയിലും മരം വീടിന് മുകളിലേക്ക് മറിഞ്ഞ് വീണാൽ പരസഹായത്തിന് പോലും ആളില്ലാത്ത അവസ്ഥയാണെന്നും നിവേദനത്തിൽ ചൂണ്ടികാട്ടിയിരുന്നു.

ഇന്നലെ മരം മറിഞ്ഞ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സും കെ.എസ്.ഇ.ബി അധികാരികളും മരം മുറിച്ച് നീക്കി ഗതാഗത സൗകര്യവുമൊരുക്കി.

നട്ടുവളർത്തിയ മരം പാരയായി

ദേശം-കാലടി റോഡിൽ നിന്നും വീട്ടിലേക്കുള്ള നടവഴിയോട് ചേർന്ന് കുമാരനും ഭാര്യയും ചേർന്ന് വർഷങ്ങൾക്ക് മുമ്പ് നട്ടുവളർത്തിയ തണൽ മരമാണിത്. അടിഭാഗം ദ്രവിച്ച് മരം ചെരിഞ്ഞ് തുടങ്ങിയതോടെ ചെങ്ങമനാട് പഞ്ചായത്ത് അധികൃതർക്ക് മരം മുറിക്കുന്നതിന് അപേക്ഷ നൽകി. പിന്നാലെ വനം വകുപ്പിനും.സ്വന്തം ചെലവിൽ മരം മുറിച്ച് നീക്കുന്നതിന് അനുവാദം നൽകണമെന്നായിരുന്നു ഇവരുടെ ആവശ്യം. മാത്രമല്ല, പഞ്ചായത്ത് നിർദ്ദേശിക്കുന്ന സ്ഥലത്ത് വൃക്ഷത്തൈകൾ സ്വന്തം ചെലവിൽ വച്ച് പിടിപ്പിക്കാമെന്നും ഈ വൃദ്ധദമ്പതികൾ ഉറപ്പ് നൽകിയിരുന്നു. ഇത് സംബന്ധിച്ച് 2019 ഡിസംബർ ഏഴിന് 'കേരളകൗമുദി'യിൽ വാർത്തയും പ്രസിദ്ധീകരിച്ചു. എന്നിട്ടും അധികാരികൾ കണ്ണുതുറന്നില്ല.