കോലഞ്ചേരി: പുത്തൻകുരിശ് പൊലീസിന്റെ രാത്രി കാല പരിശോധനക്കിടെ നിർത്താതെ പോയ ഓട്ടോ റിക്ഷയെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജില്ലയിലെ കുപ്രസിദ്ധ വാഹന മോഷ്ടാക്കൾ കുടുങ്ങി. എടത്തല കൂട്ടുപുരയ്ക്കൽ ശ്യാം (27), പള്ളുരുത്തി തേവര മുക്കത്ത് സ്റ്റെഫിൻ (24), ആലുവ എടത്തല എൻ.എ.ഡി മുകൾ തണ്ണിക്കോട്ട് സനു (27) എന്നിവരെയാണ് പുത്തൻകുരിശ് സി.ഐ സാജൻ സേവ്യറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെ കോലഞ്ചേരി ജംഗ്ഷനിൽ വാഹന പരിശോധനക്കിടെ വന്ന ഓട്ടോ റിക്ഷവെട്ടിച്ച് കടന്നു കളഞ്ഞതോടെ പൊലീസ് പിന്തുടർന്നു. ഇവർ കോലഞ്ചേരി മെഡിക്കൽ കോളേജിന്റെ പാർക്കിംഗ് ഏരിയായിൽ ഓട്ടോ ഉപേക്ഷിച്ച് മുങ്ങി. തുടർന്ന് സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ മൂവരും ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ അടിപിടി, കത്തികുത്ത്, മോഷണ കേസുകളിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞു. വീടുകളിൽ പൊലീസെത്തുമ്പോൾ സാധാരണ പോലെ പെയിൻറിംഗ് ജോലിക്ക് പോകാനായി സ്വന്തം വീടുകളിലായിരുന്നു. . ജില്ലയിലെ കളമശ്ശേരി ,എടത്തല സ്റ്റേഷനുകളിൽ നിന്നും ഓട്ടോ റിക്ഷയും ബൈക്കും മോഷ്ടിച്ചതിന് ഇവർക്കെതിരെകേസുണ്ട്.സംഘത്തലവനെ കണ്ടെത്താനായിട്ടില്ല . അന്വേഷണത്തിന് സബ് ഇൻസ്പെക്ടർ ബാബു, ജോയ്, സീനിയർ സി.പി ഒ ചന്ദ്ര ബോസ്, അനിൽകുമാർ, യോഹന്നാൻ സി.പി ഒ മാരായ സൈബർ പൊലീസിലെ പി.എം റിതേഷ് ,രാഹുൽ എന്നിവരാണുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.