കൊച്ചി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജൂനിയർ ചേംബർ ഇന്റർനാഷ്ണൽ വൈറ്റിലയും ബി.പി.സി.എൽ കൊച്ചിയും ചേർന്ന് സൈക്കിൾ റാലി സംഘടിപ്പിച്ചു. ഓയിൽ ആൻഡ് ഗ്യാസ് മാസ് കൺസംമ്ഷൻ അവേർനെസ് എന്ന ആശയത്തെ മുൻനിർത്തിയായിരുന്നു പരിപാടി. വൈറ്റിലയിൽ നിന്ന് ആരംഭിച്ച റാലി വൈറ്റില കടവന്ത്ര റോഡ്, ചിലവന്നൂർ റോഡ്, ബണ്ട് റോഡ് പിന്നിട്ട് ഇന്റർ സൈറ്റ് പാർക്കിംഗ് ഏരിയയിൽ സമാപിച്ചു. ജെ.സി.ഐ വൈറ്റില ചാപ്ടർ പ്രസിഡന്റ് ജിംലെറ്റ് ജോർജ് നേതൃത്വം നൽകി. അടുത്ത തലമുറക്ക് വേണ്ടി ഊർജം സംരക്ഷിക്കണമെന്നും, ഊർജം മിതമായി ഉപയോഗിക്കുക വഴി കാലാവസ്ഥാ വ്യതിയാനം ഒഴിവാക്കാമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത ബി.പി.സി.എൽ ജനറൽ മാനേജർ എൻ.ചന്ദ്രശേഖരൻ പറഞ്ഞു. റാലി ജെ.സി.ഐ സോൺ എക്‌സ് എക്‌സ് റീജിയൻ എ വൈസ് പ്രസിഡന്റ് അർജുൻ കെ. നായർ ഫ്ലാഗ് ഒഫ് ചെയ്തു. ബി.പി.സി.എൽ മാനേജർ കൊച്ചുബേബി, ജെ.സി.ഐ ഡയറക്ടർ ജയന്തി കൃഷ്ണചന്ദ്രൻ, കോർഡിനേറ്റർ ടീന മനിക്, പി.വി ജോസഫ്, നാഷണൽ ട്രെയിനർ ബാബു ഫിലിപ്, ജെ.സി.ഐ ഭാരവാഹികളായ ആൽവിൻ ജോസഫ്, അനഘ ഷിബു, അശ്വനി കൃഷ്ണകുമാർ, ജോഷി ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.