കൊച്ചി: റോ റോ ജങ്കാർ അടിക്കടി കടലിലേക്ക് ഒഴുകി പോകുന്നതിനാൽ വെസലിന് നൽകിയ ലൈസൻസ് റദ്ദ് ചെയ്യേണ്ടിവരുമെന്ന് ഇൻലാൻഡ് നാവിഗേഷൻ ചീഫ് രജിസ്ട്രാർ മുന്നറിയിപ്പ് നൽകിയതായി മേയർ അറിയിച്ചു. ജങ്കാറിൽ കയറ്റുന്ന ആളുകളടെ എണ്ണത്തിലും രജിസ്‌ട്രാർ അതൃപ്തി അറിയിച്ചിട്ടുണ്ട്. ആകെ 53 ടൺ ഭാരമാണ് അനുവദിച്ചിട്ടുള്ളത്. അതായത് വാഹനത്തിൽ ഇരിക്കുന്നവർ ഉൾപ്പടെ 50പേർക്കാണ് ജങ്കാറിൽ ഒരു സമയം യാത്ര ചെയ്യാൻ അനുമതിയുള്ളത്. എന്നാൽ തിരക്ക് ഉള്ള സമയങ്ങളിൽ ഈ നിബന്ധനകൾ പാലിക്കപ്പെടാറില്ല. നൂറുകണക്കിന് യാത്രക്കാരാണ് ഒരേ സമയം ജങ്കാറിൽ യാത്ര ചെയ്യുന്നത്. കൂടാതെ അഴിമുഖത്തിന് അടുത്തായതിനാൽ പലപ്പോഴും കടലിലേക്ക് ഒഴുകിപോകുന്നതായും പരാതികൾ ഉയരുന്നുണ്ട്. ഇത് അപകടത്തിന് കാരണമാകുമെന്ന് രജിസ്‌ട്രാർ ചൂണ്ടിക്കാട്ടി. അതേസമയം റോ റോയുടെ നടത്തിപ്പിനായി എസ്.പി.വി രൂപീകരിക്കാനുള്ള നടപടി ക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കുമെന്നും മേയർ കൗൺസിലിനെ അറിയിച്ചു. സ്മാർട്ട് സിറ്റി കമ്പനി സെക്രട്ടറിയുമായി ഇക്കാര്യം സംസാരിക്കും. ഫോർട്ട് കൊച്ചി വൈപ്പിൻ യാത്രാ ബോട്ടിന്റെ ലൈസൻസും ഇൻഷ്വറൻസും പുതുക്കുന്നതിനും കൗൺസിൽ യോഗത്തിൽ തീരുമാനമായി