വൈക്കം : അഖിലേന്ത്യാതലത്തിൽ പ്രവർത്തിക്കുന്ന അർദ്ധസർക്കാർ സ്ഥാപനമായ ആൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 8ന് വൈക്കം വൈറ്റ് ഗേറ്റ് റസിഡൻസിയിലെ കൺവൻഷൻ ഹാളിൽ ''യുവാക്കൾക്കായുള്ള ദേശീയ ശാക്തീകരണ പരിപാടി'' നടത്തുമെന്ന് ഭാരവാഹികളായ പി.രാജേന്ദ്രപ്രസാദ്, എ.സെയ്ഫുദ്ദീൻ എന്നിവർ അറിയിച്ചു. വലിയ നഗരങ്ങളിൽ സാധാരണ നടത്താറുള്ള ഈ പരിപാടി ആദ്യമായാണ് വൈക്കം പോലുള്ള ഒരിടത്ത് അരങ്ങേറുന്നത്.

ലക്ഷ്യങ്ങൾ

സർവകലാശാലതലത്തിലുള്ള വിദ്യാർത്ഥികളെയും യുവ മാനേജർമാരേയും ഉദ്ദേശിച്ചാണ് പരിപാടി ആവിഷ്ക്കരിച്ചിരിക്കുന്നത്. പ്രഗത്ഭമതികൾ ഒരു ദിവസം മുഴുവൻ യുവാക്കളുമായി സംവദിക്കുകയും ജീവിതത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചുമുള്ള യുവാക്കളുടെ ചിന്തകളും ആകുലതകളും പങ്കുവയ്ക്കുകയും ചെയ്യും.

പങ്കെടുക്കുന്നവർ

ഉച്ചയ്ക്കുമുമ്പുള്ള സെഷനുകളിൽ ജർമ്മനി, ഇന്ത്യോനേഷ്യ എന്നീ രാജ്യങ്ങളിൽ അംബാസിഡറായിരുന്ന അറിയപ്പെടുന്ന രാഷ്ട്രതന്ത്രജ്ഞനും എഴുത്തുകാരനുമായ ഗുർജിത്ത് സിംഗ്, സുപ്രീം കോടതി മുൻ ജഡ്ജി, കർണാടക ലോകായുക്ത എന്നീ സ്ഥാപനങ്ങൾ വഹിച്ചിട്ടുള്ള ജസ്റ്റിസ് എൻ.സന്തോഷ് ഹെഗ്ഡേ എന്നിവരും ഉച്ചകഴിഞ്ഞുള്ള സെഷനുകളിൽ ആഗോള ബിസിനസ് മേഖലയിലെ ശക്തമായ സ്ത്രീ സാന്നിദ്ധ്യമായ വിനിത ബാലി, ആഗോള ബിസിനസ് മാനേജ്മെന്റ് രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള റിച്ചാർഡ് റിക്കി എന്നിവരും യുവാക്കളുമായി സംവദിക്കും. ഡോ.ജി.മധു, സദാശിവൻ പിള്ള, വിവേക് കൃഷ്ണ ഗോവിന്ദ് എന്നിവരും പങ്കെടുക്കും. വൈക്കം, ചേർത്തല, ആലപ്പുഴ, കോട്ടയം, എറണാകുളം പ്രദേശങ്ങളിൽ നിന്നുള്ള ആയിരത്തോളം യുവാക്കൾ ഈ പരിപാടിയിൽ പങ്കാളികളാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9446758546 എന്ന നമ്പരിൽ ബന്ധപ്പെടണം.