കൊച്ചി: സ്വന്തം പാർട്ടിക്കുള്ളിൽ നിന്ന് അന്ത്യശാസനകൾ പലതും പലഭാഗത്തും നിന്നും ഉയർന്നെങ്കിലും കൊച്ചി മേയർ ഇപ്പോഴും കൂളാണ്. സൗമിനി ജെയിനിനെ മേയർ സ്ഥാനത്തുനിന്ന് മാറ്റുന്നതിന് കച്ചകെട്ടി ഇറങ്ങിയ കോൺഗ്രസ് നേതാക്കൾ ശ്രമം ഉപേക്ഷിച്ച മട്ടാണ്. ഇനിയും ഈ ആവശ്യവുമായി മുന്നോട്ടു പോയാൽ ഭരണം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് നേതാക്കളും മേയറുടെ എതിരാളികളും.
പരാതിയുമായി സംസ്ഥാന നേതൃത്വത്തിന്റെ മുന്നിലെത്തിയെങ്കിലും അവിടെനിന്നും അനുകൂല തീരുമാനമുണ്ടായില്ല. കാലാവധി തീരാൻ മാസങ്ങൾ മാത്രം ശേഷിക്കെ പാളയത്തിൽ തന്നെ പട തുടങ്ങിയതിനാൽ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കേണ്ട കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മൗനത്തിലാണ്. മേയർ മാറ്റത്തിനായി ശക്തമായി വാദിച്ച എം.പിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, വി.ഡി. സതീശൻ എം.എൽ.എ, കെ.ബാബു തുടങ്ങിയവരും ആവശ്യത്തിൽ നിന്ന് പിൻമാറി. മേയർ മാറ്റത്തിന് മുന്നോടിയായി യു.ഡി.എഫിലെ നാല് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരെ നിർബന്ധിച്ച് രാജി വയ്പ്പിക്കാനുള്ള ശ്രമവും ഉദ്ദേശിച്ച ഫലം കണ്ടില്ല. ഇതിൽ മൂന്നു പേർ സ്വമേധയാ സ്ഥാനം ഒഴിഞ്ഞു.
രാജി വയ്ക്കാൻ വിസമ്മതിച്ച വികസന സ്ഥിരം സമിതി അദ്ധ്യക്ഷ ഗ്രേസി ജോസഫിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യേണ്ട ഗതികേടായി. അവിശ്വാസത്തിലൂടെ അവരെ പുറത്താക്കുമെന്ന പ്രഖ്യാപനവും ചീറ്റിപ്പോയത് കോൺഗ്രസ് നേതൃത്വത്തിന് നാണക്കേടായി. കൗൺസിൽ യോഗത്തിന് മുന്നോടിയായി നടന്നിരുന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗങ്ങളും പഴങ്കഥയായി.
# ഒറ്റപ്പെട്ട് മേയർ
കസേരയ്ക്ക് വേണ്ടിയുള്ള ഭരണപക്ഷത്തെ നാണം കെട്ട കളികളുടെ അനന്തരഫലങ്ങൾ കൗൺസിലിലേക്കും എത്തി യു.ഡി.എഫ് കൗൺസിലർമാർ പല ചേരികളായി. ആർക്കും ആരെയും വിശ്വാസമില്ല. കണ്ടാൽ മിണ്ടാട്ടമില്ല. ചർച്ചയിൽ സജീവമല്ലാതായി. നിവൃത്തിയുണ്ടെങ്കിൽ കൗൺസിൽ യോഗം തന്നെ ഒഴിവാക്കാനാണ് പലർക്കും താല്പര്യം. മേയറെ പിന്തുണയ്ക്കാൻ ആളില്ലാതായി. കഴിഞ്ഞദിവസം നടന്ന യോഗത്തിൽ പൊതുചർച്ച കഴിഞ്ഞപ്പോൾ യു.ഡി.എഫ് കൗൺസിലർമാരുടെ എണ്ണം ഏഴിലേക്ക് ചുരുങ്ങി. ഇതിനിടെ അജണ്ടകൾ മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം തുടങ്ങി. പ്രതിപക്ഷം ബഹിഷ്കരിച്ചാലും അജണ്ടകൾ പാസാക്കുമെന്ന് മേയർ വാശിപിടിച്ചു. തോല്ക്കുമെന്ന് ഉറപ്പുണ്ടായിട്ടും വോട്ടെടുപ്പ് നടത്താമെന്ന് മേയർ വെല്ലുവിളിച്ചു. വേണമെങ്കിൽ ഭരണപക്ഷത്തിന്റെ പിന്തുണ കൂടി കിട്ടുമെന്ന് പറഞ്ഞ് സ്വന്തം പാർട്ടിക്കാർക്ക് ഒരു കുത്തു നൽകാനും അവർ മടിച്ചില്ല. വോട്ടെടുപ്പിനോട് പ്രതിപക്ഷം താത്പര്യം കാട്ടിയില്ല. ഏറെ നേരത്തെ വാദ പ്രതിവാദത്തിന് ശേഷം പ്രതിപക്ഷം നിർദേശിച്ച അജണ്ടകൾ മാറ്റിവയ്ക്കാൻ മേയർ തയ്യാറായതോടെ സംഘർഷം അയഞ്ഞു.
# മേയറും സംഘവും വിദേശത്തേക്ക്
യു.എൻ ഹാബിറ്റാറ്റ് നടത്തുന്ന യോഗത്തിൽ പങ്കെടുക്കാൻ മേയറും സംഘവും ഫെബ്രുവരി എട്ടിന് ദുബായിലേക്ക് തിരിക്കും. 12 ന് തിരിച്ചെത്തും. ഗ്രേസി ജോസഫ്, എൽ.ഡി.എഫ് കൗൺസിലറായ ഷീബാലാൽ എന്നിവരാണ് ഒപ്പമുള്ളത്. പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ഗ്രേസിയെ മേയർ ഒപ്പംകൂട്ടുന്നതിൽ എതിരാളികൾക്ക് മുറുമുറുപ്പുണ്ട്. കട്ട പിന്തുണയുമായി ഇത്രകാലവും ഒപ്പംനിന്ന തങ്ങളെ വിദേശയാത്രക്ക് കൂട്ടാതിരുന്നതിൽ യു.ഡി.എഫിലെ ഏതാനും വനിതാ കൗൺസിലർമാരും നിരാശരാണ്.