-sea-foods-export

കൊച്ചി: കൊറോണയിൽ കരുങ്ങി ഇന്ത്യൻ സമുദ്രോത്പന്ന കയറ്റുമതി. പ്രതിദിന നഷ്ടം കോടികൾ. കൊറോണ ഭീതിയുള്ള ചൈനയിലെ വിപണി ലക്ഷ്യമിട്ടുള്ള മത്സ്യ കയറ്റുമതി സ്തംഭനാവസ്ഥയിൽ ആയതാണ് പ്രധാന കാരണം. കേരളത്തിൽ നിന്നടക്കം നിരവധി സ്ഥാപനങ്ങളാണ് മത്സ്യം,​ മാംസം ഉൾപ്പെടെ കയറ്റുമതിക്കായി സജ്ജീകരിച്ചത്. സമുദ്ര വിഭവങ്ങളുടെ ഉൾപ്പെടെ വിൽപ്പനയ്ക്ക് ചൈന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് തിരിച്ചടിക്ക് കാരണം. കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചിയിൽ നിന്നും ഒരു ലോഡ് പോലും കയറ്റിപ്പോയിട്ടില്ല.

കടൽ വിഭവ സംസ്‌കരണ യൂണിറ്റുകളോടും കയറ്റുമതിക്കാരോടും കയറ്റുമതി മന്ദഗതിയിലാക്കാനാണ് ചൈനയിൽ നിന്നുള്ള സമുദ്രോത്പന്ന യൂണിറ്റുകളുടെ നിർദേശം. ഇന്ത്യയിൽ നിന്ന് കോടികളുടെ സമുദ്രോത്പന്നങ്ങളാണ് ചൈനയിലേക്ക് കയറ്റി അയക്കുന്നത്. പ്രതിവർഷം ഇന്ത്യയുടെ മൊത്തം മത്സ്യ കയറ്റുമതി ഏകദേശം 47,500 കോടി രൂപയാണ്. മറൈൻ പ്രൊഡക്ടസ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം ചൈനയിലേക്കുള്ള ഇന്ത്യൻ സമുദ്രോത്പന്ന കയറ്റുമതി 2019 ജനുവരി മുതൽ നവംബർ വരെ ഒരു ബില്യൺ ഡോളറിലെത്തിയിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 700 മില്യൺ ഡോളറായിരുന്നു.


ചെമ്മീൻ, ഞണ്ട് എന്നിവയ്ക്കാണ് ചൈനയിൽ പ്രിയമേറെ. അവിടേക്ക് കയറ്റുമതി കുറഞ്ഞതിനാൽ ആഭ്യന്തര വിപണിയിൽ ഇവയുടെ വിലയിലും കുറവ് വന്നിട്ടുണ്ട്. സാധാരണ കിലോയ്ക്ക് 1200-1500 രൂപ വിലയുള്ള ഞണ്ടുകൾ ആഭ്യന്തര വിപണികളിൽ ഇപ്പോൾ കിലോയ്ക്ക് 250-300 രൂപയായി.

മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയ്ക്ക് ഗുണകരമാകും

കൊറോണ വൈറസ് ഭീതിയെ തുടർന്ന് നിലച്ച ചൈനയിലെ കയറ്റുമതി വിയറ്റ്നാം, അമേരിക്ക പോലുള്ള മറ്റു രാജ്യങ്ങളിലേക്കുള്ള വിപണനത്തിന് ഗുണകരമാകാമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ സമുദ്രോത്പന്ന കയറ്റുമതി സ്ഥാപനങ്ങൾ. പല രാജ്യങ്ങളും ചൈനയിൽ നിന്നുള്ള ഇറക്കുമതി താത്കാലികമായി നിറുത്തി വച്ചിരിക്കുകയാണ്. അതേസമയം, ഫലപ്രദമായ നടപടികളിലൂടെ ഇപ്പോഴുള്ള അവസരം വിനിയോഗിക്കുന്നതിൽ കേന്ദ്ര സർക്കാരും സമുദ്ര ഉത്പന്ന കയറ്റുമതി വികസന അതോറിറ്റിയും (എം.പി.ഡി.എ) പരാജയപ്പെട്ടതായി കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് കുറ്റപ്പെടുത്തി.