പറവൂർ : ബൈക്കിൽ സഞ്ചരിച്ച് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന രണ്ടുപേർ അറസ്റ്റിൽ. മാവേലിക്കര കല്ലുവെട്ടാംകുഴി ഉണ്ണിക്കൃഷ്ണൻ (ഉണ്ണി – 27), കൊല്ലം അഞ്ചാലുംമൂട് കൊച്ചഴിയത്ത് പണയിൽ ശശി (കാവനാട് ശശി – 44) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഗോതുരുത്ത്, പാലിയം ഭാഗങ്ങളിൽ സ്ത്രീകളുടെ മാലപൊട്ടിച്ച കേസിലാണ് അറസ്റ്റ്. ഡിസംബർ, ജനുവരി മാസങ്ങളിലായി ആലപ്പുഴ, തൃശൂർ, എറണാകുളം, ഇടുക്കി, കൊല്ലം ജില്ലകളിലായി രജിസ്റ്റർചെയ്ത പത്ത് മാലപൊട്ടിക്കലുകൾ ഇവർ നടത്തിയതാണെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു. ആലപ്പുഴ വീയ്യപുരം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കൊലക്കേസിന്റെ നടത്തിപ്പിന് പണം കണ്ടെത്താന്‍ ഉണ്ണിക്കൃഷ്ണൻ ജയിലിൽ ഒരുമിച്ചു കഴിഞ്ഞ ശശിയുമായി ചേർന്നു കവർച്ച ആസൂത്രണം ചെയ്തത്. ജയിലിൽ നിന്നിറങ്ങിയശേഷം അത് നടപ്പാക്കുകയായിരുന്നു. കൊല്ലം കാവനാട് നിന്നും മോഷ്ടിച്ച ബൈക്കിൽ സഞ്ചരിച്ചാണ് കവർച്ച നടത്തിയിരുന്നത്. മാലപൊട്ടിക്കൽ പതിവായതിനെത്തുടർന്നു എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പൊലീസ് സംഘം മാവേലിക്കരയിൽ നിന്നാണ് ഇവരെ പിടികൂടിയത്.