കോലഞ്ചേരി: ചൂട് ഉയരുന്ന സാഹചര്യത്തിൽ സൂര്യാതപത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളെത്തുടർന്ന് ആശുപത്രികളിൽ ചികിത്സ തേടി എത്തുന്നവരുടെ എണ്ണവും കൂടി. വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചുവന്നു ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയും തുടർന്നുള്ള അബോധാവസ്ഥയും സൂര്യാതപത്തിന്റെ ലക്ഷണങ്ങളാണ്. ശരീരത്തിൽ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടും. ഇതൊഴിവാക്കാൻഉപ്പിട്ട കഞ്ഞി വെള്ളമോ നാരാങ്ങാ വെള്ളമോ കഴിക്കണം.
സൂര്യാതപം ഏറ്റതായി സംശയം തോന്നിയാൽ
തണലുള്ള സ്ഥലത്ത് വിശ്രമിക്കണം
ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്യുക.
തണുത്ത വെള്ളം കൊണ്ടു ശരീരം തുടയ്ക്കുക, ഫാൻ, എസി എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക,
ധാരാളം പാനീയങ്ങൾ കുടിക്കാൻ നൽകണം. ഫലങ്ങളും സാലഡുകളും കഴിക്കുക.ആരോഗ്യസ്ഥിതി മെച്ചപ്പെടാതിരിക്കുകയോ ബോധക്ഷയം ഉണ്ടാകുകയോ ചെയ്താൽ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പുവരുത്തണം.
മുതിർന്ന പൗരൻമാർ, കുഞ്ഞുങ്ങൾ, ഗുരുതരമായ രോഗം ഉള്ളവർ, വെയിലത്തു ജോലി ചെയ്യുന്നവർ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം.
പ്രതിരോധ മാർഗങ്ങൾ
ധാരാളം വെള്ളം കുടിക്കുക.
വെയിലത്തു ജോലി ചെയ്യേണ്ടിവരുന്നവർ ഇടയ്ക്കിടയ്ക്കു തണലത്ത് വിശ്രമിക്കണം.
ഉച്ചയ്ക്കു 12 മുതൽ 3 വരെജോലിസമയം ക്രമീകരിക്കുക.
കുട്ടികളെ വെയിലത്തു കളിക്കാൻ അനുവദിക്കരുത്.
കട്ടി കുറഞ്ഞതും വെളുത്തതും ഇളം നിറത്തിലുള്ളതുമായ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.
കാറ്റ് കടന്ന് ചൂടു പുറത്തു പോകത്തക്ക രീതിയിൽ വാതിലുകളും ജനലുകളും തുറന്നിടുക.
വെയിലത്തു പാർക്ക് ചെയ്യുന്ന കാറുകളിൽ കുട്ടികളെ ഇരുത്തിപോകരുത്.
ചൂടു കൂടുതലുള്ള സമയത്ത് തുറസായ സ്ഥലത്ത് സഞ്ചരിക്കുന്നത് ഒഴിവാക്കുക.
മദ്യവുംമറ്റു ലഹരി പദാർത്ഥങ്ങളും പൂർണമായും ഒഴിവാക്കുക