കോലഞ്ചേരി: പൊതുമരാമത്ത് വകുപ്പ് മൂവാ​റ്റുപുഴ എക്‌സിക്യുട്ടീവ് എൻജിനീയർ ഷിജി കരുണാകരന് സ്ഥലംമാ​റ്റം. എറണാകുളം ആർ.ബി.ഡി.സി.കെ ഡെപ്യൂട്ടി ജനറൽ മാനേജരായാണ് മാറ്റിയത്. പകരം എൻ.എ റജീന ബീവിയെ നിയമിച്ചു. കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിർമ്മാണം നടത്തി വരുന്ന മനയ്ക്കകടവ് പട്ടിമ​റ്റം പത്താംമൈൽ നെല്ലാട് റോഡിന്റെ നിർമ്മാണത്തിൽ അലംഭാവം കാട്ടിയെന്നും, പണികൾ വൈകുന്നത് എൻജിനീയറുടെ പിടിപ്പു കേടാണെന്നുമാരോപിച്ച്

കഴിഞ്ഞ ജില്ലാ വികസന സമിതി യോഗത്തിൽ വി.പി സജീന്ദ്രൻ എം.എൽ.എ പരാതി ഉന്നയിച്ചിരുന്നു.നിർമ്മാണ പ്രവൃത്തി നടന്നു വരുന്ന റോഡിന്റെ ചുമതലയിൽ നിന്ന് മാ​റ്റണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്റിക്കും വകുപ്പ് സെക്രട്ടറിക്കും കത്ത് നൽകിയിരുന്നു. അതേസമയം ഭരണ സൗകര്യാർത്ഥം മാറ്റുന്നതായാണ് 28 ന് പൊതുമരാമത്ത് വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നത്.