കൊച്ചി: കോർപ്പറേഷൻ പരിധിയിലുള്ള കെട്ടിടങ്ങളുടെ നികുതിയിൽ വർദ്ധന. 2000 ചതുരശ്ര അടിയിലധികം വിസ്തീർണ്ണമുള്ള വീടുകൾക്ക് 25 ശതമാനം വർദ്ധനയാണുണ്ടാകുന്നത്. 23 വർഷത്തിന് ശേഷമാണ് കോർപ്പറേഷൻ പരിധിയിലെ വീട്ടുകരം വർദ്ധിപ്പിക്കുന്നതെന്ന് ഡെപ്യൂട്ടിമേയർ കെ.ആർ.പ്രേമകുമാർ പറഞ്ഞു. 2000 വരെയുള്ള കെട്ടിടങ്ങൾക്ക് നിലവിലെ നികുതി തുടരും. അഞ്ചു വർഷം കൂടുമ്പോൾ നികുതി പുതുക്കണമെന്നാണ് സർക്കാർ ഉത്തരവ്.

വർദ്ധനവ് മുൻകാല പ്രാബല്യത്തോടെ

കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ദൈനംദിന ചെലവുകൾ പോലും നടത്താൻ കഴിയാത്ത സാഹചര്യത്തിൽ നികുതി വർദ്ധിപ്പിക്കാതെ ഇനിയും മുന്നോട്ടു നീങ്ങാൻ കഴിയില്ലെന്ന് പ്രേമകുമാർ പറഞ്ഞു. 2016 ഏപ്രിൽ ഒന്നു മുതൽ മുൻ കാല പ്രാബല്യത്തോടെയാണ് വർദ്ധന നടപ്പാക്കുന്നത്.

കൊമേഴ്ഷ്യൽ സ്ഥാപന നികുതിയും വർദ്ധിപ്പിച്ചു

കൊമേഴ്ഷ്യൽ സ്ഥാപനങ്ങളുടെ നികുതിയിലും വർദ്ധനയുണ്ടായിട്ടുണ്ട്. സ്ഥാപനത്തിന്റെ തറ വിസ്തീർണ്ണത്തിന് പുറമേ റോഡുമായുള്ള സാമീപ്യം തുടങ്ങിയ സൗകര്യങ്ങൾ കണക്കിലെടുത്ത് 5- 10 ശതമാനം വരെ വർദ്ധനയാണുണ്ടാകുന്നത്. കൊമേഴ്ഷ്യൽ സ്ഥാപനങ്ങളും 2016 മുതലുള്ള പുതുക്കിയ തുകയാണ് നൽകേണ്ടത്.

90 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു

നികുതി വർദ്ധനവ് സംബന്ധിച്ച ഡിമാന്റ് നോട്ടീസ് റെസിഡൻഷ്യൽ മേഖലകളിലും കൊമേഴ്സ്യൽ സ്ഥാപനങ്ങളിലും എത്തിക്കുന്നതിനായി കൂടുതൽ ബിൽ കളക്‌ടർമാരെ നിയോഗിച്ചിട്ടുണ്ട്. കരം ഗഡുക്കളായി അടയ്ക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. നികുതി വർദ്ധനയിലൂടെ 90 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായി ഡെപ്യൂട്ടി മേയർ പറഞ്ഞു.