വൈപ്പിൻ : രണ്ട് ഉത്സവങ്ങൾ ഗ്രീൻ പ്രോട്ടോക്കോളനുസരിച്ച് നടത്തിക്കാൻ നായരമ്പലം പഞ്ചായത്ത് പദ്ധതി തയ്യാറാക്കി. ഇന്നലെ ആരംഭിച്ച നായരമ്പലം താലപ്പൊലിയും ഫെബ്രുവരി രണ്ടിന് തുടങ്ങുന്ന നായരമ്പലം സുബ്രഹ്മണ്യ ക്ഷേത്ര ഉത്സവവുമാണ് ഇരു ക്ഷേത്ര കമ്മിറ്റികളുടെയും സഹകരണത്തോടെ ഗ്രീൻ പ്രോട്ടോക്കോളനുസരിച്ചു നടത്തുന്നത്. അലങ്കാരങ്ങൾ, ബാനർ, ബോർഡ് എന്നിവയിൽ നിന്നു പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കും. ഭക്ഷണം വിളമ്പാൻ പ്ലാസ്റ്റിക് പ്ളേറ്റിനും കപ്പിനും പകരമായി സ്റ്റീൽ പ്ളേറ്റുകളും ഗ്ലാസുകളും ഉപയോഗിക്കും. ഉത്സവക്കച്ചവടത്തിൽ പ്ലാസ്റ്റിക് കിറ്റുകൾ ഒഴിവാക്കുന്നതിന് വ്യാപാരികളെ നേരിൽ കണ്ടു നിർദ്ദേശം നൽകി. ഇവ ലംഘിക്കുന്നവർക്കു കനത്തപിഴ ചുമത്തുമെന്ന് പ്രസിഡന്റ് ഇ.പി. ഷിബു, സ്ഥിരംസമിതി കൺവീനർമാരായ എം.എസ്. സുമേഷ്, ജോബി വർഗീസ്, പഞ്ചായത്ത് അംഗം പി.ആർ. ബിജു എന്നിവർ ചൂണ്ടിക്കാട്ടി. ഉത്സവം സമാപിക്കുന്നതിന്റെ പിറ്റേദിവസം നിരവധിപേർ പങ്കെടുക്കുന്ന ശുചീകരണം നടത്തും.
പഞ്ചായത്ത് പരിധിയിൽ പ്ലാസ്റ്റിക് പൂർണമായി ഒഴിവാക്കുകയും മാലിന്യം വലിച്ചെറിയാതിരിക്കുകയും ചെയ്തു ഈ പദ്ധതിയുമായി ജനങ്ങൾ സഹകരിക്കണമെന്ന് പഞ്ചായത്ത് അധികൃതർ അഭ്യർത്ഥിച്ചു. മാർക്കറ്റ്, വ്യാപാര സ്ഥാപനങ്ങൾ എന്നിവ ഇവ കർശനമായി നടപ്പാക്കണം. ഇതോടൊപ്പം ഹരിത സേനയുടെ പ്രവർത്തനവും പഞ്ചായത്തിൽ തുടങ്ങും.