കൊച്ചി: കോന്തുരുത്തി തീരത്ത് താമസിക്കുന്നവർ കോടതി വിധി പ്രകാരം കുടിയൊഴിയേണ്ടി വന്നാൽ അവരുടെ പുനരധിവാസത്തിനായി കോർപ്പറേഷൻ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം മേയറോട് ആവശ്യപ്പെട്ടു. പുനരധിവാസത്തിനായി കോന്തുരുത്തി പ്രദേശത്ത് തന്നെ അനുയോജ്യമായ സ്ഥലം കണ്ടെത്തണമെന്ന് പ്രദേശത്തെ കൗൺസിലർമാരായ സി.എ.പീറ്റർ, എലിസബത്ത് ഇടിക്കുള എന്നിവർ കൗൺസിൽ യോഗത്തിൽ പറഞ്ഞു. പുഴയുടെ വീതി 48 മീറ്ററാക്കണമെന്ന് ആവശ്യപ്പെട്ട് സമീപവാസിയായ കെ.ജെ.ടോമി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് താമസക്കാർ ഒഴിയേണ്ടി വരുമെന്ന സ്ഥിതിയുണ്ടായിരിക്കുന്നത്.റോഡിന് വേണ്ടി പുഴയുടെ കുറുകെ പാലം പണിയുന്നത് ഉൾപ്പെടെയുള്ള മാസ്റ്റർപ്ളാൻ തയ്യാറാക്കി നഗരസഭ ഹൈക്കോടതിയിൽ സമർപ്പിച്ചുവെങ്കിലും ഫലമുണ്ടായില്ലെന്ന് കൗൺസിലർമാർ പറഞ്ഞു.

# ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ചു

കോന്തുരുത്തിപ്പുഴയുടെ ഇരുകരകളും ജില്ലാ കളക്ടർ എസ്.സുഹാസിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. പുഴയുടെ ഇരുകരകളിലുമുള്ള കൈയേറ്റങ്ങൾ പരിശോധിക്കുന്നതിനും പുനരധിവാസ സാധ്യതകൾ ചർച്ച ചെയ്യുന്നതിനുമായിരുന്നു സന്ദർശനം.

പേരണ്ടൂർ കനാലിൽ തുടങ്ങി കോന്തുരുത്തി കായലിൽ അവസാനിക്കുന്നതാണ് കോന്തുരുത്തിപ്പുഴ. 650 മീറ്റർ നീളമുള്ള പുഴയുടെ ഇരുകരകളും വ്യാപകമായി കൈയേറിയതായി പരാതിയുണ്ട്. ഇറിഗേഷൻ വകുപ്പിനാണ് പുഴയുടെ സംരക്ഷണച്ചുമതല.സബ് കളക്ടർ സ്‌നേഹിൽകുമാർ സിംഗ്, അഡിഷണൽ തഹസിൽദാർ വി.എ.മുഹമ്മദ് സാബിർ തുടങ്ങിയവരും സന്ദർശനത്തിൽ പങ്കെടുത്തു.

കുടിയൊഴിക്കൽ ഭീഷണി നേരിടുന്നത് 178കുടുംബങ്ങൾ