മൂവാറ്റുപുഴ: മാസങ്ങളായി മുടങ്ങിയ കുടിവെള്ള വിതരണം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.എം.ഹാരീസിന്റെ നേതൃത്വത്തിൽ നാട്ടുകാർ ജല അതോറിറ്റി ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തി. ആവോലി ഗ്രാമ പഞ്ചായത്തിലെ 13, 14 വാർഡുകളിലെ പാണ്ടൻപാറ, ഹോസ്റ്റൽ ജംഗ്ഷൻ പ്രദേശങ്ങളിലുള്ളവരാണ് ജനപ്രതിനിധിക്കൊപ്പം വാഴക്കുളം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയറുടെ ഓഫീസിൽ സമരം നടത്തിയത്. വീട്ടമ്മമാരും വയോധികരുമടക്കമുള്ളവർ വെള്ളം ശേഖരിക്കുന്ന പാത്രങ്ങൾ അസിസ്റ്റന്റ് എൻജിനീയർക്ക് മുന്നിൽ നിരത്തി വച്ച് കുത്തിയിരിപ്പ് സമരം നടത്തി.ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം.ഹാരീസ് ഉദ്ഘാടനം ചെയ്തു. വേനൽ കനത്തതോടെ കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടർന്നാണ് ഇത്തരത്തിൽ സമരം നടത്തേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശത്ത് വിതരണ കുഴലുകൾ പൊട്ടി ജലം പാഴാകുന്നത് സ്ഥിരം കാഴ്ചയായിരിക്കുകയാണ്. പഴയ പൈപ്പ് മാറ്റി പുതിയ പൈപ്പ് സ്ഥാപിക്കുകയും അറ്റകുറ്റപ്പണി പൂർത്തിയാക്കി വിതരണം കാര്യക്ഷമമാക്കണമെന്നും ടി.എം.ഹാരീസ് ആവശ്യപ്പെട്ടു. അസിസ്റ്റൻറ് എക്‌സിക്യുട്ടീവ് എൻജിനീയർ സ്ഥലത്തെത്തി പരിശോധന നടത്തുമെന്നും കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചു.