pramodh
കൊച്ചിയിൽ നിന്ന് മഹാജന്റെ യാത്രയുടെ ഫ്‌ളാഗ് ഒഫ് വി.പി.എസ് ലേക്‌ഷോർ ഹോസ്പിറ്റൽ സി.ഇ.ഒ എസ്.കെ അബ്ദുള്ള നിർവഹിക്കുന്നു

കൊച്ചി: അവയവദാനം പ്രോത്സാഹിപ്പിക്കാൻ മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ കർഷകൻ പ്രമോദ് ലക്ഷ്മൺ മഹാജൻ (68) പൂനെയിൽ നിന്നാരംഭിച്ച ബൈക്ക് യാത്ര കൊച്ചിയിലെത്തി. ഇന്ത്യയൊട്ടാകെ 17,500 കിലോമീറ്റർ പിന്നിടുകയാണ് ലക്ഷ്യം.

ജനുവരി 18ന് പൂനെയിൽ നിന്നാണ് യാത്ര ആരംഭിച്ചത്. 2015 ൽ സ്ഥാപിക്കപ്പെട്ട റീബർത് ഫൗണ്ടേഷനാണ് യാത്ര സംഘടിപ്പിക്കുന്നത്. കൊച്ചിയിലെത്തിയ യാത്രയ്ക്ക് വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിൽ സ്വീകരണം നൽകി. യൂറോളജി വിഭാഗം തലവൻ ഡോ. ജോർജ് പി. എബ്രഹാം, നെഫ്രോളജിസ്റ്റ് ജോർജി കെ. നൈനാൻ, ഡോ. കാർത്തിക് കുലശ്രേഷ്ഠ എന്നിവർ സംസാരിച്ചു. മഹാജന്റെ യാത്രയുടെ ഫ്‌ളാഗ് ഒഫ് വി.പി.എസ് ലേക്‌ഷോർ ഹോസ്പിറ്റൽ സി.ഇ.ഒ എസ്.കെ അബ്ദുള്ള നിർവഹിച്ചു.

132 ദിവസം കൊണ്ട് 94 പട്ടണങ്ങൾ പിന്നിട്ട് മേയ് 28ന് യാത്ര പൂർത്തിയാക്കാനാണ് മഹാജന്റെ ലക്ഷ്യം. 49- ാം വയസിൽ സുഹൃത്തിന് വൃക്ക ദാനംചെയ്തയാളാണ് മഹാജൻ. മുംബയിലേയും പൂനെയിലേയും ആശുപത്രികളിൽ നടന്ന വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾക്കായി 4.5 കോടി രൂപ സമാഹരിച്ചു നൽകാനും മുൻകൈ എടുത്തിട്ടുണ്ട്. രണ്ടാം തവണയാണ് മഹാജൻ അവയവദാന ബോധവത്കരണ യാത്ര നടത്തുന്നത്. 2018 ലാണ് ആദ്യയാത്ര നടത്തിയത്. വൃക്ക ദാനംചെയ്താലും പൂർണ ആരോഗ്യത്തോടെ ജീവിതം തുടരാമെന്നു തെളിയിക്കാൻ കൂടിയാണ് തന്റെ യാത്രയെന്ന് മഹാജൻ പറഞ്ഞു.