കൊച്ചി: 'വെട്ടേറ്റത് വലതുകൈപ്പത്തിക്ക് മാത്രമല്ല. അവർ ബാക്കിവെച്ചത് എന്റെ വലതുകാൽ മാത്രമായിരുന്നു. മറ്റു ശരീരഭാഗങ്ങൾ തുന്നിച്ചേർക്കാൻ മാംസം എടുത്തതോടെ ആ കാലും ആക്രമത്തിന് ഇരയായ പോലെയാണ്. പക്ഷേ, സമൂഹത്തിൽ ഇനിയും ജോസഫുമാർ ഉണ്ടാകരുതെന്ന ചിന്തയിൽ നിന്നാണ് ജീവിതാനുഭവങ്ങൾ കൂട്ടിച്ചേർത്ത് പുസ്തകമെഴുതിയത്. ഇടതുകൈകൊണ്ട് എഴുതിപ്പഠിച്ചതിന് ശേഷമാണ് പുസ്തകമെഴുതാൻ തുടങ്ങിയത്.' തന്റെ ആത്മകഥ 'അറ്റുപോകാത്ത ഓർമ്മകൾ' എന്ന പുസ്തകം എഴുതാനുണ്ടായ സാഹചര്യം വിശദീകരിക്കുമ്പോൾ തോറ്റുപോകില്ലെന്ന് നിശ്ചയിച്ചുറപ്പിച്ചവന്റെ ധീരതയായിരുന്നു പ്രൊഫ.ടി.ജെ. ജോസഫിന്റെ മുഖത്ത്.

തൊടുപുഴയിൽ ചോദ്യപേപ്പർ വിവാദത്തിനു പിന്നാലെ 2010 ൽ മതമൗലികവാദികളുടെ ആക്രമണത്തിനിരയായി വലതുകൈപ്പത്തി വെട്ടിമാറ്റപ്പെട്ട പ്രൊഫ. ജോസഫ് തന്റെ പുസ്തകവുമായി വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. പുസ്തക പ്രസാധകരായ ഡി.സി ബുക്‌സ് ഡെപ്യൂട്ടി എഡിറ്റർ രാംദാസും ഒപ്പമുണ്ടായിരുന്നു.

 ഒഴിവാക്കാമായിരുന്ന ദുരന്തം

തൊടുപുഴ ന്യൂമാൻ കോളേജ് മാനേജ്മെന്റ് ഒപ്പം നിന്നിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന ഒരു ദുരന്തമാണ് തനിക്ക് സംഭവിച്ചത്. ചോദ്യപ്പേപ്പറിൽ താൻ ചേർത്തൊരു പേര് ആളുകൾ തെറ്റിദ്ധരിക്കുകയായിരുന്നു. ഇക്കാര്യം മാനേജ്മെന്റിനോട് പറഞ്ഞപ്പോൾ തുടക്കത്തിൽ ഒപ്പം നിൽക്കുകയും പിന്നീട് തള്ളിപ്പറയുകയുമായിരുന്നു. ഒരു വർഷത്തിന് ശേഷമാണ് ആക്രമണം നേരിട്ടത്. അതുകഴിഞ്ഞും ക്രൂരമായ അനുഭവങ്ങളിലൂടെ കടന്നുപോയി. ഈ നിമിഷവും തെറ്റ് ചെയ്തതായി കരുതുന്നില്ല. പുസ്തകത്തിന്റെ ഒന്നാം അദ്ധ്യായം തന്നെ വിവാദ ചോദ്യപേപ്പർ തയാറാക്കാനുണ്ടായ സാഹചര്യവും എത്ര ആലോചിച്ചാണ് ആ പേര് നൽകിയതെന്നതിനെക്കുറിച്ചുമാണ്. താൻ തെറ്റുകാരനല്ലെന്ന് തന്നെ ആക്രമിച്ചവർക്കും ബോദ്ധ്യമുണ്ട്. പക്ഷേ അത് അവർ സമ്മതിച്ചാൽ ചെയ്തത് കൊടുംക്രൂരതയാകും. ഇപ്പോഴും തന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് കരുതുന്ന ഒരു വിഭാഗം സമൂഹത്തിലുണ്ട്. തെറ്റിദ്ധാരണ മാറ്റാൻ കൂടിയാണ് പുസ്തകം എഴുതിയത്.

 ആക്രമിച്ചവരുടെ പേരില്ല

പുസ്തകത്തിൽ ഒരിടത്തുപോലും ആക്രമിച്ചവരുടെ പേരുവിവരങ്ങൾ പരാമർശിക്കാത്തത് അവരുടെ കുടുംബങ്ങളെ ഓർത്തതുകൊണ്ടാണ്. ദുരിതകാലത്ത് കൂടെ നിൽക്കാത്തവരുടെ പേരെടുത്ത് പരാമ‌ർശിച്ചത് ചെയ്ത തെറ്റ് അവർക്ക് മനസിലാകാനും മറ്റുള്ളവർ തെറ്റ് ആവർത്തിക്കാതിരിക്കാനും കൂടിയാണ്. രണ്ട് പൊലീസുകാരുടെ അകമ്പടി ഇപ്പോഴുമുണ്ട്. തനിക്ക് ഭീഷണിയുണ്ടെന്ന് സർക്കാരിന് തോന്നിയത് കൊണ്ടാവും അത് പിൻവലിക്കാത്തത്. ആരെയും ഭയപ്പെടുകയോ ആരോടെങ്കിലും ദേഷ്യമോ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.