dileep-

കൊച്ചി: നടിയെ ആക്രമിച്ച് കേസിലും പ്രതികൾ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ചെന്ന കേസിലും വിചാരണക്കോടതി ഒരുമിച്ച് കുറ്റം ചുമത്തിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള നടൻ ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതി ഇന്നു വിധി പറഞ്ഞേക്കും. കേസിന്റെ വിചാരണ ഇന്ന് എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതിയിൽ തുടങ്ങാനിരിക്കെ ഹർജിയിൽ ഇന്നലെ വാദം പൂർത്തിയായി.

എട്ടാം പ്രതി ദിലീപുൾപ്പെടെയുള്ളവർക്കെതിരെ കോടതി നേരത്തെ കുറ്റംചുമത്തിയിരുന്നു. പ്രതികൾ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി രണ്ടുകോടി രൂപ തട്ടാൻ ശ്രമിച്ചെന്ന ദിലീപിന്റെ പരാതിയിൽ ഒന്നും ഒമ്പതും പത്തും പ്രതികളായ പൾസർ സുനി, മേസ്തിരി സനിൽ എന്ന സനിൽകുമാർ, വിഷ്ണു എന്നിവർക്കെതിരെ കോടതി ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിരുന്നു.

എന്നാൽ പ്രതികൾ ദിലീപിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കരാർ അനുസരിച്ച് ദൃശ്യങ്ങൾ പകർത്തി നൽകിയതിന്റെ പ്രതിഫലം ആവശ്യപ്പെട്ടതാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പങ്കുണ്ടെന്ന് തെളിയിക്കാനുള്ള വസ്തുതകൾ ഇതിലുണ്ടെന്നും ചൂണ്ടിക്കാട്ടി. രണ്ടു കേസിലും ഒരുമിച്ച് കുറ്റം ചുമത്തിയതിൽ അപാകതയുണ്ടെന്ന് നിരീക്ഷിച്ച സിംഗിൾബെഞ്ച് രണ്ടാമത്തെ കേസിൽ ചുമത്തിയ കുറ്റങ്ങൾ ഒഴിവാക്കുന്നതു പ്രോസിക്യൂഷനെ ബാധിക്കുമോയെന്ന് അറിയിക്കാൻ സർക്കാരിന് നിർദ്ദേശം നൽകി ഒന്നരമണിക്കൂർ കേസ് നീട്ടിവച്ചു. വൈകിട്ട് നാലരയ്‌ക്ക് വീണ്ടും പരിഗണിച്ചപ്പോൾ ദിലീപിനെ പ്രതികൾ ഭീഷണിപ്പെടുത്തിയെന്ന ഭാഗം ഒഴിവാക്കാനാവുമെന്നും ഗൂഢാലോചന നിലനിൽക്കുമെന്നും സർക്കാർ വിശദീകരിച്ചു. ഇതൊഴിവാക്കുകയല്ല, തന്റെ കേസിൽ പ്രത്യേക വിചാരണ നടത്തുകയാണ് വേണ്ടതെന്ന് ദിലീപിന്റെ അഭിഭാഷകൻ വ്യക്തമാക്കി. തുടർന്നാണ് ഹർജി വിധി പറയാൻ മാറ്റിയത്.