chelirodil-veenaniayil
ചെളി റോഡില്‍ വീണു വാഹനങള്‍ക്കു അപ കടക്കെണി

തൃപ്പൂണിത്തുറ: ഗതാഗത തിരക്കേറിയ വൈക്കം റോഡിൽ ടാങ്കറിൽ കൊണ്ടുപോയ ചെളി വീണതിനെത്തുടർന്ന് വാഹനങ്ങൾ തെന്നി വീണു. ഇരുചക്രവാഹനയാത്രക്കാർക്ക് പരിക്കേറ്റു.കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് ഉദയംപേരുർ വലിയകുളത്തിനു സമീപത്തെ റോഡിൽ നൂറു മീറ്ററിലധികം ദൂരത്തിൽ ടാങ്കറിൽ നിന്നും ചെളി വീണത്. ഇരുട്ടിൽ റോഡിൽ ചെളി കിടന്നതു കാണാതെ ലോറിക്കു പിന്നാലെ എത്തിയ ഇരുചക്രവാഹനങ്ങളാണ് തെന്നിവീണത്. വിവരം അറിഞ്ഞെത്തിയ നാട്ടുകാർ റോഡിലെ ഗതാഗതം തടഞ്ഞ ശേഷം പൊലീസിനേയും ഫയർഫോഴ്സിനേയും വിവരം അറിയിച്ചു. തൃപ്പൂണിത്തുറയിലെ ഫയർസ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ ഷാജിയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ രണ്ട് ഫയർ യൂണിറ്റുകൾ നാലു മണിക്കൂറിലധികം നടത്തിയ ശ്രമത്തിനൊടുവിലാണ് റോഡിലെ ചെളിനീക്കി. ഇത്രയും സമയം വൈക്കം റോഡിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. മെട്രോ നിർമ്മാണ സ്ഥലത്തു നിന്നും ഉദയംപേരൂരിലേയ്ക്ക് ടാങ്കറിൽ കൊണ്ടുവന്ന ചെളിയാണ് വാൽവ് ഊരിപ്പോയതിനെത്തുടർന്ന് റോഡിൽ വീണതെന്ന് നാട്ടുകാർ പറഞ്ഞു.

ചെളി കൊണ്ടു പോകുന്നത് വേണ്ടത്ര ശ്രദ്ധയില്ലാതെയെന്ന് പരാതി

നിർമ്മാണ കേന്ദ്രങ്ങളിൽ നിന്നും ചെളി കൊണ്ടു പോകുന്നത് വേണ്ടത്ര അശ്രദ്ധമായിട്ടാണെന്ന് നാട്ടുകാർ പറഞ്ഞു.കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിനു സമീപവും ചെളി റോഡിൽ വീണു വാഹനങ്ങൾക്ക് അപകട ഭീഷണിയുണ്ടാക്കി. ഇവിടെയും ഫയർഫോഴ്സ് എത്തി റോഡിലെ ചെളി നീക്കിയിരുന്നു.പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ മാലിന്യങ്ങൾ കൊണ്ടു പോകുന്നവർക്കെതിരെ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.