high-court
high court

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ഇന്നു വിചാരണ തുടങ്ങാനിരിക്കെ ദിലീപിന്റെ ഹർജിയിലെ വിധി നിർണായകമാകും. ഇന്നു രാവിലെ ഹൈക്കോടതി വിധി പറയുമെന്നാണ് സൂചന. നടിയെ ആക്രമിച്ച കേസിലും തന്നെ ഭീഷണിപ്പെടുത്തിയ കേസിലും പ്രതികൾക്കെതിരെ ഒരുമിച്ച് കോടതി കുറ്റം ചുമത്തിയതിനെതിരെയാണ് ദിലീപ് ഹർജി നൽകിയത്. ഇത്തരത്തിൽ ഒരുമിച്ചു കുറ്റം ചുമത്തിയത് നിയമപരമായി നിലനിൽക്കില്ലെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തലെങ്കിൽ ചുമത്തിയ കുറ്റങ്ങളിൽ മാറ്റംവരുത്തി വീണ്ടും കുറ്റം ചുമത്തൽ നടപടി തുടങ്ങണം. അപാകതയില്ലെന്നാണ് വിധിയെങ്കിൽ വിചാരണ നടപടികൾ ഇന്നു തുടങ്ങാനാവുമെന്നും നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

 ഭീഷണിപ്പെടുത്തിയില്ലെന്ന് പ്രോസിക്യൂഷൻ

പൾസർ സുനി, സനിൽകുമാർ, വിഷ്ണു എന്നിവർ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നാണ് ദിലീപിന്റെ പരാതി. ഇക്കാര്യം ഐ.ജി അന്വേഷിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിൽ ഇൗ മൂന്നു പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നതിനിടെ ദിലീപിന്റെ പരാതിയിലെ കുറ്റങ്ങൾകൂടി ഇതിനൊപ്പം ചുമത്തി. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങളുടെ പട്ടികയിൽ 14,15,16 കുറ്റങ്ങളായാണ് ഇവ കോടതി ഉൾപ്പെടുത്തിയത്. ജയിലിൽ വച്ച് ഗൂഢാലോചന നടത്തി പ്രതികൾ ദിലീപിനെ ഭീഷണിപ്പെടുത്തിയെന്നാണ് 14ൽ പറയുന്നത്. പൾസർ സുനിയും വിഷ്ണുവും ചേർന്ന് ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ചെന്ന് 15ലും വിഷ്ണുവും മേസ്തിരി സനിലും ചേർന്ന് ദിലീപിനെ ഭീഷണിപ്പെടുത്തിയെന്ന് 16ലും പറയുന്നു. പ്രതികൾ ദിലീപിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കരാർ അനുസരിച്ച് ദൃശ്യങ്ങൾ പകർത്തിയതിന്റെ പണം ആവശ്യപ്പെടുകയാണ് ചെയ്തതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ആ നിലയ്ക്ക് 14ൽ പറയുന്ന ഗൂഢാലോചന ഒഴികെയുള്ള ഭാഗങ്ങളും 15,16 പട്ടികയിലെ കുറ്റങ്ങളും ഒഴിവാക്കാനാവുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.