കൊച്ചി : കോതമംഗലം ചെറിയപള്ളിയും സ്വത്തുക്കളും സർക്കാർ ഏറ്റെടുത്ത് ഒാർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന വിധി പുന:പരിശോധിക്കാൻ സർക്കാർ നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. പള്ളിയും സെമിത്തേരിയും ഉൾപ്പെടെ ആർക്കും ഏറ്റെടുക്കാൻ അധികാരമില്ലെന്ന് കെ.എസ്. വർഗീസ് കേസിൽ സുപ്രീംകോടതിയുടെ വിധിയുണ്ടെന്നും ആ നിലയ്ക്ക് സർക്കാർ ഇവ ഏറ്റെടുത്തു കൈമാറണമെന്ന ഹൈക്കോടതി വിധി നിയമപരമല്ലെന്നുമായിരുന്നു സർക്കാരിന്റെ വാദം. പള്ളി ഏറ്റെടുത്തുനൽകാൻ കഴിഞ്ഞ ഡിസംബറിലാണ് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയത്. ഇതിനെതിരെ നൽകിയ റിവ്യൂ ഹർജിയിൽ ക്രമസമാധാന പ്രശ്നങ്ങൾക്കുള്ള സാദ്ധ്യതയും സർക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വിധി നടപ്പാക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയെന്നാരോപിച്ച് ഒാർത്തഡോക്സ് വിഭാഗത്തിലെ ഫാ. തോമസ് പോൾ റമ്പാൻ നൽകിയ കോടതിയലക്ഷ്യ ഹർജി കോടതി പിന്നീടു പരിഗണിക്കാൻ മാറ്റി.