അദ്വൈതാശ്രമത്തിലേക്കുള്ള വാഹനഗതാഗതം തടയരുത്
ആലുവ: 97-ാമത് സർവമത സമ്മേളനത്തിനും ആലുവ മഹാശിവരാത്രിക്കും അദ്വൈതാശ്രമത്തിൽ ഒരുക്കം തുടങ്ങി. ശിവരാത്രി നാളിൽ അദ്വൈതാശ്രമത്തിൽ ബലിതർപ്പണത്തിനും മറ്റുമായി വരുന്ന വാഹനങ്ങളെ ബാങ്ക് കവലയിലും പമ്പ് കവലയിലും തടയുന്ന നടപടിയിൽ നിന്ന് പൊലീസ് പിൻമാറണമെന്ന് ശിവരാത്രി ആഘോഷകമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന് നിവേദനം നൽകിയതായും അനുകൂല തീരുമാനമെടുക്കാമെന്ന് ഉറപ്പ് നൽകിയതായും അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ അറിയിച്ചു. പാലസ് റോഡിൽ ഗതാഗതം നിരോധിക്കുന്നതിനാൽ ശ്രീനാരായണ ഗുരുദേവ വിശ്വാസികൾ ബലിതർപ്പണത്തിന് എത്താൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. അഞ്ചുവർഷം മുമ്പാണ് പൊലീസ് ഇത്തരം നിയന്ത്രണം ഏർപ്പെടുത്തിയത്. തുടർന്നുള്ള എല്ലാവർഷവും നിയന്ത്രണം പിൻവലിക്കണെന്ന് ആവശ്യപ്പെട്ടെങ്കിലും പരിഹാരമുണ്ടായിട്ടില്ല. അദ്വൈതാശ്രമത്തിലേക്ക് വരുന്ന വാഹനങ്ങൾക്ക് ആശ്രമത്തിന് എതിർവശം ശിവഗിരി വിദ്യാനികേതൻ സ്കൂൾ മൈതാനിയിൽ വിപുലമായ പാർക്കിംഗ് സൗകര്യവും ഒരുക്കാമെന്ന് പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആശ്രമത്തിന്റെ ആവശ്യം പൊലീസ് പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും സ്വാമി യോഗത്തിൽ അറിയിച്ചു.
ഫെബ്രുവരി 21,22 തീയതികളിലാണ് അദ്വൈതാശ്രമത്തിൽ മഹാശിവരാത്രി ആഘോഷം നടക്കുന്നത്. പ്രത്യേക പൂജകൾക്ക് പുറമെ രാവിലെ ശിവഗിരി വിദ്യാനികേതൻ സ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടക്കും. തുടർന്ന് ശ്രീനാരായണ ഗുരുദേവൻ കഥാപ്രസംഗം. വൈകിട്ട് സർവമത സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. വിവിധ മതപണ്ഡിതന്മാർ, ശിവഗിരിമഠം സന്ന്യാസിമാർ, എസ്.എൻ.ഡി.പി യോഗം നേതാക്കൾ എന്നിവർ സംബന്ധിക്കും. രാത്രി 9.30 മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
യോഗത്തിൽ സ്വാമി ശിവസ്വരൂപാനന്ദ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, അദ്വൈതാശ്രമം ഭക്തജനസമിതി കൺവീനർ എം.വി. മനോഹരൻ, പി.ആർ. നിർമ്മൽകുമാർ, വി.ഡി. രാജൻ, കെ.കെ. മോഹനൻ, പി.എസ്. സനീഷ്, പവിത്രൻ സംഘമിത്ര, കെ.എൻ. ദിവാകരൻ, ടി.കെ. രാജപ്പൻ, ആർ.കെ. ശിവൻ, ഷിജി രാജേഷ്, പൊന്നമ്മ കുമാരൻ, ശശി തൂമ്പായിൽ, ടി.കെ. വിജയൻ, എം.കെ. രാജീവ് എന്നിവർ സംസാരിച്ചു.