ആലുവ: കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകളുടെ മൊത്തവില്പനക്കാരനായ അസാം അസം ഗുവഹത്തി സ്വദേശി അബു സേഠ് എന്ന് വിളിക്കുന്ന ഫക്രുദ്ദീൻ അബ്ദുൾ കലാമിനെ (22) ആലുവ എക്സൈസ് സംഘം പിടികൂടി. 1.250 കിലോഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
ആലുവ യു.സി. കോളേജിന് സമീപം കഞ്ചാവ് കൈമാറുന്നതിന് വേണ്ടി സുഹൃത്തിനെ കാത്തുനിൽക്കുകയായിരുന്ന ഇയാളെ ആലുവ റേഞ്ച് ആന്റി നാർക്കോട്ടിക് സ്‌പെഷൽ ആക്ഷൻടീം പിടികൂടുകയായിരുന്നു. പിടിയിലാകുമെന്ന് ഉറപ്പായതോടെ കുതറിയോടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അസമിൽ നിന്നും തുച്ഛമായ വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെയെത്തിച്ച് മൊത്തവില്പന നടത്തി തിരിച്ച് പോകുന്നതാണ് പതിവെന്നും അൻപതിരട്ടിയോളം ലാഭം കിട്ടുമെന്നും എക്സൈസ് പറഞ്ഞു. ഇയാളുടെ സുഹൃത്തുക്കളായ അസം സ്വദേശികൾ മലയാളികളായ ഇടനിലക്കാർക്ക് മറിച്ചു വിൽക്കുകയും ചെയ്തിരുന്നു.
എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.എസ്. രഞ്ജിത്തിന്റെ മേൽ നോട്ടത്തിലാണ് ആക്ഷൻ ടീം രൂപീകരിച്ചത്. ഇൻസ്‌പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ എ. വാസുദേവൻ, ഷാഡോ ടീമംഗങ്ങളായ എൻ.ഡി. ടോമി, എൻ.ജി. അജിത്ത് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർ എ. സിയാദ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ആദ്യം മോഷണം, രക്ഷയില്ലാതായപ്പോൾ മയക്കുമരുന്ന് കടത്ത്
ആലുവ: അസം സ്വദേശിയായ ഫക്രുദ്ദീൻ അബ്ദുൾ കലാം നാട്ടിൽ മോഷണവും പിടിച്ചുപറിയും തൊഴിലാക്കിയയാളായിരുന്നു. ഒപ്പം കഞ്ചാവ് കച്ചവടവുമുണ്ടായി. എന്നാൽ നാട്ടിൽ ഉദ്ദേശിച്ച ലാഭമില്ലാതെ വന്നപ്പോഴാണ് ആലുവയിലുള്ള സുഹൃത്തിന്റെ ആവശ്യപ്രകാരം കഞ്ചാവ് എത്തിച്ചുകൊടുത്ത് തുടങ്ങിയത്. കച്ചവടം പൊടിപൊടിക്കുന്നതിനാൽ ആഴ്ചയിൽ ഒരിക്കൽ ഇയാൾ ഇവിടെ കഞ്ചാവുമായി എത്തിയിരുന്നു. ആലുവ റെയിൽവേ സ്‌റ്റേഷൻ പരിസരങ്ങളിൽ പരിശോധന കർശനമാക്കിയതിനാൽ അസമിൽ നിന്ന് ട്രെയിനിൽ തൃശൂരെത്തി അവിടെനിന്ന് ബസിലാണ് ആലുവയിൽ എത്തിയിരുന്നത്. . ഏതാനും ആഴ്ചകൾക്ക് മുൻപ് ആലുവ റേഞ്ച് എക്‌സൈസ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഷാഡോ സംഘം ആലുവയിലെ ഒരു കോളേജിലെ വിദ്യാർത്ഥിയുടെ പക്കൽ നിന്ന് കഞ്ചാവ് കണ്ടെത്തിയിരുന്നു. ഈ വിദ്യാർത്ഥിയെ ചോദ്യം ചെയ്തപ്പോഴാണ് ഫക്രുദ്ദീൻ അബ്ദുൾ കലാമിനെക്കുറിച്ച് വിവരം ലഭിച്ചത്.