voters-list
voters list

കൊച്ചി : തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക ഉപയോഗിക്കാനാവില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. അടുത്ത തദ്ദേശഭരണ തിരഞ്ഞെടുപ്പിന് 2015ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കുന്നതിനെതിരെ ലീഗ് നേതാവ് സൂപ്പി നരിക്കാട്ടേരി, കോൺഗ്രസ് നേതാവ് എൻ. വേണുഗോപാൽ തുടങ്ങിയവർ നൽകിയ ഹർജിയിലാണ് ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ മറുപടി സത്യവാങ്മൂലം നൽകിയത്.

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു വോട്ടർപട്ടിക പുതുക്കി 2020 തിരഞ്ഞെടുപ്പിന് ഉപയോഗിക്കാൻ 2017 ൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇതു നടന്നില്ലെന്നും ഇപ്പോഴാണ് വോട്ടർ പട്ടിക പുതുക്കാൻ നടപടി തുടങ്ങിയതെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ സെക്രട്ടറി എ. സന്തോഷ് നൽകിയ മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് സംസ്ഥാന ഇലക്ഷൻ കമ്മിഷൻ വാർഡ് അടിസ്ഥാനമാക്കിയാണ് വോട്ടർപട്ടിക തയ്യാറാക്കുന്നത്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ ഒാരോ മണ്ഡലത്തിലെയും പോളിംഗ് ബൂത്തുകളുടെ അടിസ്ഥാനത്തിലാണ് വോട്ടർ പട്ടിക തയ്യാറാക്കുന്നത്. ഒരേ വാർഡിന്റെ വിവിധ ഭാഗങ്ങൾ പല ബൂത്തുകളിലായിട്ടാകും ചേർത്തിട്ടുണ്ടാവുക. ഇക്കാരണത്താൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക തദ്ദേശഭരണ തിരഞ്ഞെടുപ്പിന് അതേപടി ഉപയോഗിക്കാനാവില്ല. നിയമസഭാ മണ്ഡലങ്ങളിലേക്ക് 2014ൽ തയ്യാറാക്കിയ വോട്ടർപട്ടികയിൽ ഇതൊഴിവാക്കി ഫീൽഡ് പരിശോധന നടത്തിയാണ് 2015ൽ തദ്ദേശ തിരഞ്ഞെടുപ്പിന് പട്ടിക തയ്യാറാക്കിയത്. ഏറെ സമയവും പണച്ചെലവുമുള്ള നടപടി ആവർത്തിക്കാനാവില്ല. 2015ലെ വോട്ടർപട്ടിക ഉപയോഗിച്ചാണ് ഇതുവരെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഉൾപ്പെടെ നടത്തിയത്. 2020 നവംബർ 11ന് മുമ്പ് തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകൾ പൂർത്തിയാക്കേണ്ടതുണ്ട്. സമയബന്ധിതമായി നടപടി പൂർത്തിയാക്കാൻ പഴയ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടിക ആധാരമാക്കാൻ അനുവദിക്കണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.